സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ ഇരട്ട ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് നിക്കാരെഗ്വേയെയാണ് അര്‍ജന്‍റീന കീഴടക്കിയത്

സാവോ പോളോ: കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അര്‍ജന്‍റീനയ്ക്ക് സന്നാഹ മത്സരത്തില്‍ മിന്നും വിജയം. സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ ഇരട്ട ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് നിക്കാരെഗ്വേയെയാണ് അര്‍ജന്‍റീന കീഴടക്കിയത്. മെസിക്ക് പുറമെ മാർട്ടിനസും ഇരട്ട ഗോളകള്‍ പേരിലെഴുതി.

റോബര്‍ട്ടോ പെരിയേറയും സ്കോര്‍ ചെയ്തതോടെ കോപ്പ സന്നാഹത്തില്‍ അര്‍ജന്‍റീനയുടെ ആത്മവിശ്വാസമുയര്‍ന്നു. ബറേറയാണ് നിക്കരാഗോയുടെ ആശ്വാസ ഗോൾ നേടിയത്. ജൂണ്‍ 14നാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ തുടങ്ങുന്നത്. 16ന് കൊളംബിയക്കെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.

ടൂര്‍ണമെന്‍റിനുള്ള അര്‍ജന്‍റീനയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചതിന്‍റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇന്‍റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതോടെയാണ് വിവാദം തുടങ്ങിയത്.

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ അധികം അവസരം ലഭിക്കാതിരുന്നു യുവന്‍റസ് താരം പൗളോ ഡിബാലയ്ക്ക് ടീമില്‍ ഇടം ലഭിച്ചിരുന്നു. ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെ ബ്രസീലിലാണ് ഇത്തവണ കോപ്പ് അമേരിക്ക നടക്കുന്നത്. ഇത്തവണയെങ്കിലും മെസി ദേശീയ ജേഴ്‌സിയില്‍ കിരീടമുയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.