ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ മറികടന്ന് ഫുട്ബോളിലെ സ്വപ്നകിരീടം. ലിയോണൽ മെസിയെന്ന ഫുട്ബോൾ മാന്ത്രികന്‍റെ കരുത്തിലായിരുന്നു അർജന്‍റീനയുടെ നേട്ടങ്ങളെല്ലാം.

ബ്യൂണസ് അയേഴ്സ്: സമീപകാലത്ത് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമാണ് അർജന്‍റീന. ലോകകപ്പ് ഉൾപ്പടെ മൂന്ന് പ്രധാന കിരീടങ്ങളാണ് അർജന്‍റീന കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വന്തമാക്കിയത്. ഈ കിരീട നേട്ടങ്ങള്‍ക്കെല്ലാം തന്ത്രമൊരുക്കിയത് ലിയോണൽ സ്കലോണി എന്ന പരിശീലകനായിരുന്നു. അര്‍ജന്‍റീനിയന്‍ ഫുട്ബോളിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ചുക്കാന്‍ പിടിച്ച ആശാന്‍ സ്കലോണി ഇന്ന് 45-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ബ്രസീലിനെ മാരക്കനായിൽ വീഴ്ത്തി കോപ്പ അമേരിക്കയിൽ ചുംബിച്ചാണ് അർജന്‍റൈൻ ഫുട്ബോളിന്‍റെയും ലിയോണൽ മെസിയുടെയും ഉയിർപ്പ് തുടങ്ങിയത്. ഏഞ്ചൽ ഡി മരിയയുടെ ഒറ്റ ഗോളിനായിരുന്നു അർജന്‍റീനയുടെ വിജയം. രാജ്യാന്തര ഫുട്ബോളിൽ അ‍ർജന്‍റൈൻ സീനിയർ ടീമിനൊപ്പം മെസിയുടെ ആദ്യ കിരീടമായിരുന്നു അത്. പിന്നാലെ യൂറോപ്യൻ ചാമ്പ്യൻമാരുടെ പകിട്ടുമായെത്തിയ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമയിലും മെസിപ്പട കിരീടം നേടി.

ഒടുവിൽ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ മറികടന്ന് ഫുട്ബോളിലെ സ്വപ്നകിരീടം. ലിയോണൽ മെസിയെന്ന ഫുട്ബോൾ മാന്ത്രികന്‍റെ കരുത്തിലായിരുന്നു അർജന്‍റീനയുടെ നേട്ടങ്ങളെല്ലാം. തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിഞ്ഞതിന് പിന്നിലെ വിജയരഹസ്യം വെളിപ്പെടുത്തുകയാണ് സ്കലോണി തന്‍റെ പിറന്നാള്‍ ദിനത്തില്‍.

മെസിയെ സ്വതന്ത്രനായി കളിക്കാൻ അനുവദിക്കുന്നതായിരുന്നു തന്‍റെ തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവെന്ന് സ്കലോണി പറയുന്നു. പരിശീലക ചുമതല ഏറ്റെടുത്ത ആദ്യമത്സരങ്ങളിൽ വേഗത്തിൽ കളിക്കാനായിരുന്നു തീരുമാനം. മെസിയടക്കമുള്ള താരങ്ങൾ പ്രയാസപ്പെടുന്നുണ്ടെന്ന് മനസിലാക്കിയതോടെ കളിയുടെ വേഗം കുറച്ച് മെസിയെ സ്വതന്ത്രനാക്കി.

മെസി വരുമോ? പ്രതികരിച്ച് ബാഴ്‌സ പ്രസിഡന്‍റ്! ലാ ലിഗ നേട്ടത്തിനിടയിലും മെസിക്കായി മുറവിളി കൂട്ടി ആരാധകര്‍

പലപരീക്ഷണങ്ങളിലൂടെ മെസിക്ക് അനുയോജ്യരായ കളിക്കാരെ കണ്ടെത്തി. അവരെല്ലാം മെസിയുടെ മനസ്സറിഞ്ഞ് പന്ത് തട്ടാൻ തുടങ്ങിയതോടെയാണ് അർജന്‍റീനയുടെ തലവര മാറിയതെന്നും സ്കലോണി പറയുന്നു. 2018 ഓഗസ്റ്റ് മൂന്നിന് ചുമതലയേറ്റെടുത്ത സ്കലോണിക്ക് കീഴിൽ അർജന്‍റീന കളിച്ചത് ആകെ 59 മത്സരങ്ങളിൽ. ഇതിൽ മുപ്പത്തിയൊൻപതിലും അർജന്‍റീന ജയിച്ചു. 15 സമനിലയും അഞ്ച് തോൽവിയും. ആകെ 122 ഗോൾ നേടിയപ്പോൾ 35 ഗോൾ മാത്രമാണ് വഴങ്ങിയത്.