Asianet News MalayalamAsianet News Malayalam

'ഉറങ്ങാൻ പോലും സമയം കിട്ടിയില്ല'; പ്രീക്വാർട്ടറിന് മുമ്പ് ആവശ്യത്തിന് വിശ്രമമില്ല, പരാതി ഉന്നയിച്ച് അർജന്റീന

ഉറങ്ങാൻ പോലും ആവശ്യത്തിന് സമയം ലഭിക്കാതെയാണ് പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നതെന്ന് സ്കലോണി ചൂണ്ടിക്കാട്ടി. ലോകകപ്പ് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. ഇതാണ് ഫുട്ബോൾ.

Argentina complain about lack of sleep and recovery time ahead of pre quarter
Author
First Published Dec 2, 2022, 11:51 PM IST

ദോഹ: ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് മുമ്പായി ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിൽ പരാതി ഉന്നയിച്ച് അർജന്റീന. ​ഗ്രൂപ്പിലെ അവസാന മത്സരത്തിന് ശേഷം 48 മണിക്കൂറിനുള്ളിൽ പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി പറഞ്ഞു. പോളണ്ടിനെതിരെ മത്സരം അവസാനിച്ചത് രാത്രി 10 മണിക്കാണ് (ദോഹ സമയം). ഓസ്ട്രേലിയ അവരുടെ മത്സരം കളിച്ചത് ആറ് മണിക്കാണ്. മത്സര ശേഷം ടീം അം​ഗങ്ങൾ എല്ലാം ഉറങ്ങാനായി പോയത് പുലർച്ചെ നാല് മണിക്കാണ്.

ഉറങ്ങാൻ പോലും ആവശ്യത്തിന് സമയം ലഭിക്കാതെയാണ് പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നതെന്ന് സ്കലോണി ചൂണ്ടിക്കാട്ടി. ലോകകപ്പ് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. ഇതാണ് ഫുട്ബോൾ.  ജർമനിക്കും ബെൽജിയത്തിന് എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടു. പക്ഷേ, അത് ഒരിക്കലും അത്ഭുതപ്പെടുന്ന കാര്യമല്ല. വലിയ നാഷണൽ ടീമുകൾ അടുത്ത ഘട്ടത്തിൽ എത്തുമെന്ന് നാം പറയുമ്പോഴും എപ്പോഴും അതല്ല നടക്കുന്നതെന്നും സ്കലോണി പറഞ്ഞു.

അതേസമയം, അർജന്‍റീനയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുമ്പോൾ പൂർണ ആത്മവിശ്വാസത്തിലാണെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി കഴിഞ്ഞു. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ദൈവമല്ലെന്നും മറ്റെല്ലാ താരങ്ങളെയുംപോലെ മനുഷ്യൻ മാത്രമാണെന്നുമാണ് ഓസ്ട്രേലിയൻ താരങ്ങളുടെ നിലപാട്. മെസിയോടുള്ള ആരാധന മറച്ചുവെക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഭയക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധനിരയിലെ കരുത്തനായ മിലോസ് ഡെഗനിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെസിയെ എനിക്കൊരുപാടിഷ്ടമാണ്.

ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹം. പക്ഷെ അതുകൊണ്ട് അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞങ്ങള്‍ ബഹുമതിയായല്ല എടുക്കുന്നത്. മെസി മറ്റുള്ളവർക്ക് ഫുട്ബോളിന്‍റെ ദൈവമായിരിക്കാം. പക്ഷെ നാളത്തെ മത്സരത്തില്‍ ഞങ്ങൾക്ക് അദ്ദേഹം ഞങ്ങളെപ്പോലെ തന്നെ നന്നായി ഫുട്ബോള്‍ കളിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്. അർജന്‍റീന മികച്ച ടീമാണ്. പക്ഷേ മൈതാനത്ത് ഇരുടീമിലും പതിനൊന്നുപേർ വീതമാണുള്ളത്. ടീമിന്‍റെ കരുത്തിൽ പൂ‌ർണവിശ്വാസമുണ്ടെന്നും ഡെഗനിക് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios