ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത സൗത്ത് അമേരിക്കന്‍ യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനയക്ക് സമനില. പരാഗ്വെയ്‌ക്കെതിരായ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ഇക്വഡര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചു. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ വെനെസ്വേലയെ നേരിടും. കൊളംബിയ- ഉറുഗ്വെ, ചിലി- പെറു മത്സരവും നാളെയാണ്.

പരാഗ്വെയ്‌ക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ ആദ്യഗോള്‍ വഴങ്ങിയ ശേഷമാണ് അര്‍ജന്റീന സമനില പിടിച്ചത്. 21ാം മിനിറ്റിര്‍ എയ്ഞ്ചല്‍ റൊമേറൊ പെനാല്‍റ്റിയിലൂടെ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. ഗോള്‍ വഴങ്ങിയ ശേഷം പ്രസ് ചെയ്തുകളിച്ച അര്‍ജന്റീന ഒപ്പമെത്തുകയും ചെയ്തു. നിക്കോളാസ് ഗോണ്‍സാലസിന്റെ ഹെഡ്ഡറാണ് അര്‍ജന്റീനയെ ഒപ്പമെത്തിച്ചത്. 41ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോ നല്‍കിയ ക്രോസിലായിരുന്നു ഗോള്‍. 

രണ്ടാം പകുതിയില്‍ അര്‍ജന്റീന കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടെ മെസി ഗോള്‍ നേടിയെങ്കിലും, വാര്‍ വിനയായി. ബാഴ്‌സലോണ താരത്തിന്റെ ഒരു ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോയി. ലാതുറോ മാര്‍ട്ടിനെസിന് ലഭിച്ച അവസരം താരം നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ചൊവ്വാഴ്ച അടുത്ത മത്സരത്തില്‍ അര്‍ജന്റീന പെറുവിനെ നേരിടും. പരാഗ്വെ- വെനെസ്വേല മത്സരവും അന്നുതന്നെയാണ്.

ബൊളീവിയക്കെതിരായ മത്സരത്തില്‍ ബെഡര്‍ സെയ്‌സെഡൊ, എയ്ഞ്ചല്‍ മെന, കാര്‍ലോസ് ഗ്രൂസോ എന്നിവരാണ് ഇക്വഡറിന്റെ ഗോള്‍ നേടിയത്. ജുവാന്‍ ആര്‍സെ, മാഴ്‌സലോ മൊറേനൊ എന്നിവരുടെ വകയായിരുന്നു ബൊളീവിയയുടെ ഗോളുകള്‍. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുള്ള അര്‍ജന്റീന തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള  ബ്രസീല്‍ തൊട്ടടുത്ത്. ഇക്വഡര്‍ മൂന്നാമതും പരാഗ്വെ നാലാം സ്ഥാനത്തുമാണ്.