മെസി ടീമിലേക്ക് തിരിച്ചെത്തിയിട്ടും ടീമിന്‍റെ ന്യൂനതകള്‍ തുറന്ന് കാട്ടുന്നതായിരുന്നു വെനസ്വേലയ്ക്കെതിരെയുള്ള അര്‍ജന്‍റീനയുടെ മത്സരം. പലപ്പോഴും പന്ത് പോലും ലഭിക്കാതെയുള്ള മെസിയുടെ കളത്തിലെ അവസ്ഥ ദയനീയമായിരുന്നു
മാഡ്രിഡ്: റഷ്യൻ ലോകകപ്പിന് ശേഷം ലിയോണൽ മെസി രാജ്യാന്തര മത്സരങ്ങളിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ദയനീയ തോൽവി. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിൽ വെനസ്വലയ്ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന തോറ്റത്.
മെസിക്ക് ഗോളൊന്നും നേടാനായില്ല. മാർട്ടിനെസ് ആണ് അർജന്റീനയുടെ ആശ്വാസ ഗോൾ നേടിയത്. സലോമോന്‍ റോണ്‍ഡണ്‍ (6), ഹോണ്‍ മുറില്ലോ (44), ജോസഫ് മാര്‍ട്ടിനെസ് (75) എന്നിവരാണ് വെനസ്വേലയ്ക്കായി ഗോളുകള്‍ നേടിയത്. മെസി ടീമിലേക്ക് തിരിച്ചെത്തിയിട്ടും ടീമിന്‍റെ ന്യൂനതകള്‍ തുറന്ന് കാട്ടുന്നതായിരുന്നു വെനസ്വേലയ്ക്കെതിരെയുള്ള അര്‍ജന്‍റീനയുടെ മത്സരം.
പലപ്പോഴും പന്ത് പോലും ലഭിക്കാതെയുള്ള മെസിയുടെ കളത്തിലെ അവസ്ഥ ദയനീയമായിരുന്നു. ആറാം മിനിറ്റില്‍ മെെതാന മധ്യത്ത് നിന്ന് അര്‍ജന്‍റീനിയന്‍ ഡിഫന്‍സിന്‍റെ തലയ്ക്ക് മുകളിലൂടെ വന്ന പന്ത് റോണ്‍ഡണ്‍ മിന്നുന്ന ഷോട്ടിലൂടെ വലയിലേക്ക് തൊടുത്തപ്പോഴേ വരാനിരിക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു.
ബാഴ്സയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് മെസി അര്‍ജന്റീനിയന്‍ ജേഴ്സിയില്‍ പന്ത് തട്ടാനെത്തിയത്. കളത്തില്‍ ഇടയ്ക്കിടെ മെസിയുടെ കാലുകള്‍ ഇന്ദ്രജാലം കാണിച്ചെങ്കിലും അതിനും ടീമിന്‍റെ കുറവുകളെ നികത്താനാകാതെ പോവുകയായിരുന്നു.
