Asianet News MalayalamAsianet News Malayalam

ലോകകപ്പ് വിജയാഘോഷത്തിനിടെ എംബാപ്പെയെ ട്രോളി അര്‍ജന്‍റീന താരങ്ങള്‍-വീഡിയോ

ഫ്രാന്‍സിന്‍റെ തോല്‍വിയിലും എംബാപ്പെ തല ഉയര്‍ത്തി നിന്നെങ്കിലും ആ ബഹുമാനമൊന്നും അര്‍ജന്‍റീന താരങ്ങള്‍ യുവതാരത്തിന് നല്‍കിയില്ല. മത്സരശേഷം അര്‍ജന്‍രീന ഡ്രസ്സിംഗ് റൂമില്‍ നടന്ന വിജയാഘോഷത്തിനിടെ എംബാപ്പെയെ കളിയാക്കി രംഗത്തുവന്നത് ഫൈനലില്‍ അര്‍ജന്‍റീനയുടെ വിജയശില്‍പികളിലൊരാളായ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു.

Argentina stars trolls Kylian Mbappe in dressing room celebrations
Author
First Published Dec 19, 2022, 1:15 PM IST

 ദോഹ:ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ അര്‍ജന്‍റീനക്ക് ആഘോഷിച്ച് മതിയാവുന്നുണ്ടായിരുന്നില്ല. 36 വര്‍ഷത്തിനുശേഷമുള്ള കിരീടനേട്ടം അര്‍ജന്‍റീന ആഘോഷിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഫൈനലില്‍ ഫ്രാന്‍സ് വീണെങ്കിലും ഹാട്രിക്കുമായി എംബാപ്പെയെന്ന പ്രതിഭാസത്തിന്‍റെ ആരോഹണവും ആരാധകര്‍ കണ്ടു. 80 മിനിറ്റ് വരെ തോല്‍വി ഉറപ്പിച്ചു നിന്ന ഫ്രാന്‍സിനെ ആദ്യം പെനല്‍റ്റിയിലൂടെയും മിനിറ്റുകള്‍ക്കുള്ളില്‍ വെടിച്ചില്ലുപോലെ നേടിയ മറ്റൊരു ഗോളിലൂടെയും ഒപ്പമെത്തിച്ച എംബാപ്പെ എക്സ്ട്രാ ടൈമില്‍ മെസി ഗോളില്‍ വിജയമുറപ്പിച്ച അര്‍ജന്‍റീനയെ മറ്റൊരു പെനല്‍റ്റിയിലൂടെ ഒപ്പമെത്തിച്ചിരുന്നു. ഷൂട്ടൗട്ടിലെ പെനല്‍റ്റി കിക്കും എംബാപ്പെ പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചു.

ഫ്രാന്‍സിന്‍റെ തോല്‍വിയിലും എംബാപ്പെ തല ഉയര്‍ത്തി നിന്നെങ്കിലും ആ ബഹുമാനമൊന്നും അര്‍ജന്‍റീന താരങ്ങള്‍ യുവതാരത്തിന് നല്‍കിയില്ല. മത്സരശേഷം അര്‍ജന്‍രീന ഡ്രസ്സിംഗ് റൂമില്‍ നടന്ന വിജയാഘോഷത്തിനിടെ എംബാപ്പെയെ കളിയാക്കി രംഗത്തുവന്നത് ഫൈനലില്‍ അര്‍ജന്‍റീനയുടെ വിജയശില്‍പികളിലൊരാളായ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. വരിവരിയായി നൃത്തം ചെയ്ത് വിജയം ആഘോഷിക്കുന്നതിനിടടെ എമിലിയാനോ ഒരു നിമിഷം എംബാപ്പെക്ക് വേണ്ടി മൗനം ആചരിക്കാന്‍ പറയുന്നതിന്‍രെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ വിമര്‍ശിച്ച് എംബാപ്പെ രംഗത്തെത്തിയിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ യൂറോപ്യന്‍ ഫുട്ബോളിന്‍റെ അത്ര വളര്‍ന്നിട്ടില്ലെന്നായിരുന്നു എംബാപ്പെയുടെ പരാമര്‍ശം. നേഷന്‍സ് ലീഗ് പോലുള്ള ടൂര്‍ണമെന്‍റുകളിലൂടെ യൂറോപ്യന്‍ ടീമുകള്‍ പരസ്പരം കളിക്കുന്നതിനാല്‍ യൂറോപ്യന്‍ ടീമുകള്‍ക്ക് ലാറ്റിനമേരിക്കന്‍ ടീമുകളോട് ആധിപത്യം ഉണ്ടെന്നും അര്‍ജന്‍റീനക്കും ബ്രസീലിനുമൊന്നും ഇതേ നിലവാരത്തിലുള്ള മത്സരങ്ങള്‍ ലഭിക്കാറില്ലെന്നും എംബാപ്പെ പറഞ്ഞിരുന്നു.

'വരും കാലങ്ങളില്‍ ഞാനായിരിക്കും രാജാവ്'; 23കാരന്‍ എംബാപ്പെ ലോകത്തോട് വിളിച്ചുപറയുന്നു

ലോകകപ്പിനെത്തുമ്പോള്‍ തങ്ങള്‍ എല്ലാ തയാറെടുപ്പോടെയുമാണ് എത്തുന്നതെന്നും ലാറ്റിനമേരിക്കല്‍ യൂറോപ്പിനെ പോലെ ഫുട്ബോള്‍ അത്ര വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി യൂറോപ്യന്‍ ടീമുകള്‍ കിരീടം നേടുന്നതെന്നും എംബാപ്പെ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഫൈനലിന് മുമ്പ് ചോദിച്ചപ്പോള്‍ ഫുട്ബോളിനെക്കുറിച്ച് അവന് കാര്യമായൊന്നും അറിയില്ലെന്നും ലാറ്റിനമേരിക്കയില്‍ കളിക്കാത്ത എംബാപ്പെ അവിടുത്തെ കളിയെക്കുറിച്ച് അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും മാര്‍ട്ടിനെസ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios