ലിയോണൽ മെസ്സിയുടെ അവസാന ലോകകപ്പിൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീനയ്ക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. മാർക്കോസ് സെനേസിയെപ്പോലുള്ള പ്രധാന താരങ്ങളെ ഒഴിവാക്കിയതും, പ്രതിരോധനിരയിലെ പ്രമുഖർക്ക് പരിക്കേറ്റതും പരിശീലകൻ സ്കലോണിക്ക് തലവേദനയാകുന്നു.
ലിയോണല്‍ മെസ്സി തന്റെ മുപ്പത്തിയെട്ടാം വയസ്സില്‍ കരിയറിലെ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുകയാണ്. കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍, ലോകം കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടത്തിന്. 1958-ലും 62-ലും ബ്രസീല്‍ തുടര്‍ച്ചയായി ലോകകപ്പ് നേടിയതിന് ശേഷം മറ്റൊരു ടീമിനും കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ആ 64 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്താന്‍ അല്‍ബിസെലസ്റ്റുകള്‍ക്കാകുമോ? ലോകം കാത്തിരിക്കുന്നത് ആ ചോദ്യത്തിനുള്ള ഉത്തരമാണ്. പരിശീലകന്‍ സ്‌കലോണി അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. മെസ്സിയുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന് ചുറ്റും മികച്ച ഒരു നിരയെ അണിനിരത്തുക എന്നത് അത്യാവശ്യമാണ്. എന്നാല്‍ സ്‌കലോണിക്ക് മുന്നില്‍ ചില കടുത്ത വെല്ലുവിളികളുണ്ട്. ടീമിലുണ്ടാകുമെന്ന് കരുതപ്പെട്ട രണ്ട് പ്രധാന താരങ്ങള്‍ തഴയപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ കളിക്കുന്ന അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എമിലിയാനോ ബുവെന്‍ഡിയയും പ്രതിരോധ താരം മാര്‍കോസ് സെനേസിയും.
യുവേഫ യൂറോപ്പ ലീഗ് ഫൈനലില്‍ ആസ്റ്റണ്‍ വില്ല കിരീടം നേടുമ്പോള്‍ ഒരു ഗോള്‍ ബുവേഡിയയുടെ സംഭാവനയായിരുന്നു. സീസണില്‍ ആകെ 54 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും ഒന്‍പത് അസിസ്റ്റുകളുമായി വില്ലയുടെ അവിഭാജ്യ ഘടകമായിരുന്നു ഈ പ്ലേ മേക്കര്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ബുവേണ്ടിയ തഴയപ്പെട്ടു. 2022ല്‍ കൊളംബിയക്കെതിരെ കേവലം 10 മിനിറ്റ് മാത്രം കളിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബുവേണ്ടിയ, അങ്കോളയ്‌ക്കെതിരെയുള്ള ഒരു സൗഹൃദ മത്സരത്തില്‍ 20 മിനിറ്റും കളിച്ചു. അതാണ് താരത്തിന് അര്‍ജന്റീന ജേഴ്സിയിലുള്ള പരിചയസമ്പത്ത്. ടീമിന്റെ തന്ത്രങ്ങളുമായി ഇനിയും പൂര്‍ണ്ണമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍, തനിക്ക് കൂടുതല്‍ പരിചയസമ്പന്നരായ കളിക്കാരെ വിശ്വസിക്കാന്‍ സ്‌കലോണി തീരുമാനിക്കുകയായിരുന്നു. ഇതിനെല്ലാം പുറമെ, ഇറ്റാലിയന്‍ ക്ലബ്ബ് കോമോയുടെ യുവതാരം നിക്കോ പാസ് ഇടം ഉറപ്പിച്ചതോടെ ബുവെന്‍ഡിയയ്ക്കുള്ള ലോകകപ്പ് വാതിലുകള്‍ പൂര്‍ണ്ണമായും അടഞ്ഞു.
ഇനി സെനേസിയുടെ കാര്യം. ബേണ്‍മൗത്തിന്റെ 'പ്ലെയര്‍ ഓഫ് ദി സീസണ്‍' ആയി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ക്യാപ്റ്റന്‍ കൂടിയായ സെനേസി. ടീമിന്റെ പ്രതിരോധക്കോട്ട കാക്കുന്നതിനൊപ്പം 39 മത്സരങ്ങളില്‍ നിന്ന് അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇത്രയൊക്കെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പ് ടീമില്‍ നിന്ന് ഒടുവില്‍ പുറത്താക്കപ്പെട്ടുവെന്നത് അവിശ്വസനീയമായി. സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തില്‍ ഇടംനേടുക എന്നത് 29കാരന് അത്ര എളുപ്പമായിരുന്നില്ല. പരിചയസമ്പന്നനായ നിക്കോളാസ് ഒട്ടാമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ആദ്യ ഇലവനിലെ പ്രതിരോധ താരങ്ങളായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അവര്‍ക്ക് പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടീനസ് എത്തുമെന്നതും ഉറപ്പായിരുന്നു. ഇതിനെല്ലാം പുറമെ, ഫാകുണ്ടോ മെദീനയുടെ വരവും നിര്‍ണായകമായി. ആവശ്യമെങ്കില്‍ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് കൂടി മാറി കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് മെദീന. സെനേസിയെക്കാള്‍ മെദീനയ്ക്ക് മുന്‍ഗണന നല്‍കാന്‍ മറ്റൊരു കാരണം വേണ്ടായിരുന്നു.
പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ല, താരങ്ങളുടെ പരിക്ക് ഒരു തലവേദനയാണ്. റൊമേറോയുടെ കാല്‍മുട്ടിലെ പരിക്ക്, കൂടാതെ ലിച്ച, ഒട്ടാമെന്‍ഡിയുടെ എന്നിവരുടെ ഫിറ്റ്നസ് പ്രശ്നങ്ങള്‍. ലിവര്‍പൂളില്‍ മോശം ഫോമിലായിരുന്ന അലക്സിസ് മാക് അലിസ്റ്ററെ എങ്ങനെ ഫോമിലേക്ക് തിരിച്ചെത്തിക്കും എന്നതും നിര്‍ണ്ണായകമാണ്. ടീമില്‍ ഉള്‍പ്പെട്ട ജിയോവാനി ലോ സെല്‍സോ ആവട്ടെ 2025 നവംബറിലാണ് അര്‍ജന്റീനയക്കായി അവസാനം കളിച്ചത്. എന്നാല്‍ മെസിയുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രി സ്‌കലോണി മുഖവിലയ്ക്കെടുത്തു.
മെസ്സിയുടെ ഹാംസ്ട്രിംഗ് പരിക്ക് അത്ര ഗുരുതരമല്ല എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഇന്റര്‍ മിലാന്റെ ലാതുറോ മാര്‍ട്ടീനസ് പരിക്ക് മാറി പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി വിരലിന് പരിക്കേറ്റ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും അര്‍ജന്റീനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മെസ്സിക്കൊപ്പം ഗോളടിക്കാന്‍ മിടുക്കരായ ഒരുപിടി താരങ്ങള്‍ അര്‍ജന്റീനയ്ക്കുണ്ട്. ജൂലിയന്‍ അല്‍വാരസും, 2024 കോപ്പ അമേരിക്ക ഫൈനലിലെ ഹീറോ ലൗട്ടാരോ മാര്‍ട്ടീനസും ഗോള്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കും. അവസാന നിമിഷം ടീമിലെത്തിയ ജോസ് മാനുവല്‍ ലോപസ് ഒരു സര്‍പ്രൈസ് പാക്കേജാണ്.
മിഡ്ഫീല്‍ഡില്‍ ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസും, നിക്കോ പാസും കരുത്താകും. കൂടെ റോഡ്രിഗോ ഡി പോള്‍, മക് അലിസ്റ്റര്‍, ലിയാന്‍ഡ്രോ പരേഡസ് എന്നിങ്ങനെ നീളുന്ന നിര. സ്‌കലോണിയുടെ കീഴിലുള്ള ടീമിനെ വ്യത്യസ്തമാക്കുന്നത് അവരുടെ തന്ത്രങ്ങളല്ല, മറിച്ച് അവരുടെ ഒത്തൊരുമയാണ്. ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ 'ബ്രദര്‍ഹുഡ്' എന്ന് ഈ ടീമിനെ വിളിക്കാം. ഖത്തറിലെ ലോകകപ്പ് വിജയവും, അതിനുശേഷമുള്ള കോപ്പ അമേരിക്കയും, യോഗ്യതാ റൗണ്ടിലെ ആധിപത്യവും തെളിയിക്കുന്നത് ഇവര്‍ ഇപ്പോഴും തെക്കേ അമേരിക്കയിലെ രാജാക്കന്മാര്‍ ആണെന്നാണ്. പക്ഷേ, സമയം മാറുകയാണ്. ഇതൊരു പ്രായമേറിയ ടീമാണ്. ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തര്‍ ഇത്തവണ അര്‍ജന്റീനയ്ക്ക് വലിയ വെല്ലുവിളിയാകും. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമായേക്കാം. പക്ഷേ നോക്കൗട്ട് ഘട്ടങ്ങളില്‍ കളി മാറും. പരിക്കുകള്‍ ഇല്ലാതെ, മെസ്സിയുടെ സാന്നിധ്യത്തില്‍, പഴയ ആ പോരാട്ടവീര്യം വീണ്ടെടുത്താല്‍ അര്‍ജന്റീനയ്ക്ക് കിരീടം നിലനിര്‍ത്താം. അവര്‍ക്ക് അതിന് കഴിയുമോ? കാത്തിരുന്ന് കാണാം!

