ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറും അര്‍ജന്റീനയ്ക്ക് ചിലെയുമാണ് എതിരാളികള്‍. ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും (Neymar) ഇല്ലാതെയാണ് ഇരുടീമും ഇറങ്ങുക. 

തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും (Brazil) അര്‍ജന്റീനയും (Argentina) നാളെയിറങ്ങും. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറും അര്‍ജന്റീനയ്ക്ക് ചിലെയുമാണ് എതിരാളികള്‍. ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും (Neymar) ഇല്ലാതെയാണ് ഇരുടീമും ഇറങ്ങുക. 

ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കാണ് ബ്രസീലിന്റെ മത്സരം. 13 കളിയില്‍ 35 മേഖലയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. പരിക്കേറ്റ നെയ്മറിന് പകരം വിനീഷ്യസ് ജൂനിയര്‍ ആദ്യ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ബ്രസീല്‍ ജഴ്‌സിയില്‍ ഒമ്പത് മത്സരത്തിനിറങ്ങിയെങ്കിലും ഇതുവരെ ഗോള്‍ നേടാനായിട്ടില്ല. മികച്ച പ്രകടനത്തിലൂടെ ഖത്തറിലേക്കുള്ള ടീമില്‍ സ്ഥാനമുറപ്പിക്കുകയാവും ഇരുപത്തിയൊന്നുകാരനായ വിനീഷ്യസിന്റെ ലക്ഷ്യം. 

23 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറിന് ശേഷിച്ച മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയാല്‍ ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കാം. അര്‍ജന്റീന ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണ് ചിലിയെ നേരിടുക. മെസിക്ക് വിശ്രമം നല്‍കിയ അര്‍ജന്റൈന്‍ ടീമിനെ പരിക്കും കൊവിഡ് ബാധയും അലട്ടുന്നുണ്ട്. മെസിക്ക് പകരം പൗളോ ഡിബാല ടീമിലെത്താനാണ് സാധ്യത. സസ്‌പെന്‍ഷനിലായ ജര്‍മന്‍ പസെല്ലയ്ക്ക് കളിക്കാനാവില്ല. 

പരിക്കേറ്റ ക്രിസ്റ്റ്യന്‍ റൊമേറോയും ടീമിലില്ല. അവസാന ഇരുപത്തിയേഴ് കളിയില്‍ തോല്‍വി അറിയാത്ത അര്‍ജന്റീന 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളില്‍ ഉറുഗ്വേ, പരാഗ്വേയെയും കൊളംബിയ പെറുവിനെയും വെനസ്വേല ബൊളീവിയയെയും നേരിടും. 

പെറു, ചിലെ, ഉറുഗ്വേ എന്നിവര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. തെക്കേ അമേരിക്കയില്‍ നിന്ന് നാല് ടീമുകളാണ് ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാമതെത്തുന്ന ടീം ഏഷ്യന്‍ മേഖലയിലെ ടീമുമായി പ്ലേ ഓഫ് കളിക്കണം.