Asianet News MalayalamAsianet News Malayalam

കാനറികളെയും കടന്ന് കുതിപ്പ്; ആരാധകരെ ത്രസിപ്പിച്ച് അര്‍ജന്‍റീന, റെക്കോര്‍ഡ് ലക്ഷ്യമിട്ട് മെസിയും പിള്ളേരും

2019 ജൂലൈ രണ്ടിനാണ് അര്‍ജന്‍റീനയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടങ്ങിയത്. ഇതിനകം 36 മത്സരങ്ങളില്‍ ടീം 27 വിജയങ്ങള്‍ നേടിയപ്പോള്‍ ഒമ്പത് കളികള്‍ സമനിലയില്‍ കലാശിച്ചു. ബ്രസീല്‍, ഉറുഗ്വെ, ചിലി, ഇറ്റലി എന്നിങ്ങനെ പല വമ്പന്മാരെയും തോല്‍പ്പിച്ചാണ് സ്കലോണിയും സംഘവും കുതിക്കുന്നത്.

Argentina unbeaten run nearing Italy world record streak
Author
First Published Nov 17, 2022, 10:33 AM IST

അബുദാബി: ഖത്തര്‍ ലോകകപ്പില്‍ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും വിജയമോ സമനിലയോ നേടിയാല്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ആരെയും കൊതിപ്പിക്കുന്ന ഒരു ലോക റെക്കോര്‍ഡ്. ലിയോണല്‍ സ്കലോണിയുടെ തീപ്പൊരി സംഘം തോല്‍വിയറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി മുന്നിലുള്ളത് 37 മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറിയ ഇറ്റലി മാത്രമാണ്. ലോകകപ്പിലെ സൗദിക്കും മെക്സിക്കോയ്ക്കുമെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളോടെ ഈ മിന്നുന്ന റെക്കോര്‍ഡ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീനിയന്‍ സംഘം.

2019 ജൂലൈ രണ്ടിനാണ് അര്‍ജന്‍റീനയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടങ്ങിയത്. ഇതിനകം 36 മത്സരങ്ങളില്‍ ടീം 27 വിജയങ്ങള്‍ നേടിയപ്പോള്‍ ഒമ്പത് കളികള്‍ സമനിലയില്‍ കലാശിച്ചു. ബ്രസീല്‍, ഉറുഗ്വെ, ചിലി, ഇറ്റലി എന്നിങ്ങനെ പല വമ്പന്മാരെയും തോല്‍പ്പിച്ചാണ് സ്കലോണിയും സംഘവും കുതിക്കുന്നത്. 2019 കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ ബ്രസീലിനോട് ആയിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി.

ഇതിന് 2021ലെ കോപ്പ ഫൈനലില്‍ അര്‍ജന്‍റീന മറുപടി നല്‍കിയിരുന്നു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കാനറികളെ തകര്‍ത്തായിരുന്നു മെസിപ്പടയുടെ കിരീട നേട്ടം. പിന്നീട് നടന്ന ഫൈനലിസിമയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ കെട്ടുക്കെട്ടിച്ചും അര്‍ജന്‍റീന കുതിപ്പ് തുടര്‍ന്നു. ഇന്നലെ യുഎഇക്കെതിരെ നേടിയ വിജയത്തോടെയാണ് തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമുകളുടെ പട്ടികയില്‍ അര്‍ജന്‍റീന രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

തൊട്ട് പിന്നിലുള്ളത് അള്‍ജീരിയ, സ്പെയിന്‍, ബ്രസീല്‍ എന്നിവരാണ്. മൂന്ന് ടീമുകളും 35 മത്സരങ്ങളിലായിരുന്നു പരാജയമറിയാതെ മുന്നേറിയത്. കാനറികളെ പിന്നിലാക്കിയുള്ള ഈ സ്വപ്ന കുതിപ്പ് അര്‍ജന്‍റീനയ്ക്ക് വലിയ ആത്മവിശ്വാസം പകരുമെന്ന് ഉറപ്പാണ്. ഇന്നലെ യുഎഇക്കെതിരെ എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളാണ് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്, ജ്വാകിം കോറേയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. മെസി, ഡി മരിയ എന്നിവര്‍ ഓരോ അസിസ്റ്റും നല്‍കി. മാര്‍കോസ് അക്യൂന, അലക്സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഓരോ ഗോളിന് വഴിയൊരുക്കി.  

നിക്കോ ഗോണ്‍സാലസിന് പകരം ഗര്‍നാച്ചോ? അര്‍ജന്റൈന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന് സ്‌കലോണി

Follow Us:
Download App:
  • android
  • ios