Asianet News MalayalamAsianet News Malayalam

കലാശപ്പോരിലേക്ക് മെസിയോ, മോഡ്രിച്ചോ? പോര് ഗോള്‍ കീപ്പമാര്‍ തമ്മില്‍ കൂടിയാണ്

മെസിക്ക് വേണ്ടി മരിക്കാനും തയ്യാറെന്ന് പറയുന്ന എമിലിയാനോ മാര്‍ട്ടിനെസ് ഒരു വശത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ കരുത്ത് കൂടുന്ന ഡൊമനിക് ലിവാകോവിച്ച് മറുവശത്തും.

Argentina vs Croatia the battle between Lionel Messi and Luka Modric
Author
First Published Dec 12, 2022, 7:34 PM IST

ദോഹ: സമകാലിക ഫുട്‌ബോളിലെ രണ്ട് മഹാമേരുക്കളിലൊരാള്‍ ലോകകിരീടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാതെ ഇന്ന് പടിയിറങ്ങും. ചരിത്രനേട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുക ലിയോണല്‍ മെസിയോ അതോ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. അതിനപ്പുറത്ത്, ക്രൊയേഷ്യ- അര്‍ജന്റീന സെമിഫൈനല്‍ രണ്ട് ഗോള്‍കീപ്പര്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ്.

മെസിക്ക് വേണ്ടി മരിക്കാനും തയ്യാറെന്ന് പറയുന്ന എമിലിയാനോ മാര്‍ട്ടിനെസ് ഒരു വശത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ കരുത്ത് കൂടുന്ന ഡൊമനിക് ലിവാകോവിച്ച് മറുവശത്തും. മെസി എത്രത്തോളം മാര്‍ട്ടിനെസെന്ന ഗോള്‍ കീപ്പറോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷമുള്ള ദൃശ്യങ്ങള്‍ പറയും. എമിയുടെ സേവുകളാണ് മെസിയുടെ ലോകകപ്പെന്ന സ്വപ്നം നീട്ടിയെടുത്തത്.

മെക്‌സിക്കോക്കെതിരായ ഈ പറക്കും സേവിനോടും ഓസ്‌ട്രേലിയക്കെതിരായ ഈ റിഫ്‌ലക്‌സിനോടും എന്നെന്നും കടപ്പെട്ടിരിക്കും ഏതൊരു അര്‍ജന്റീന ആരാധകനും. 2021ല്‍ തന്റെ 28ആം വയസിലാണ് അര്‍ജന്റീനന്‍ കുപ്പായമണിയാന്‍ എമിക്ക് അവസരം കിട്ടിയത്. എന്നാല്‍ ഇന്ന് സ്‌കലോണിയുടെ ടീമില്‍ മെസി കഴിഞ്ഞാല്‍ സ്ഥാനമുറപ്പുള്ള ഒരേയൊരു താരം എമിയാണ്. അസാധ്യ മെയ്‌വഴക്കം, ഹൈ ബോളുകള്‍ തട്ടിയകറ്റാനുള്ള മികവ്. എല്ലാത്തിനുപ്പുറം പെനാല്‍റ്റി കിക്കുകള്‍ക്ക് മുന്നില്‍ പതറാത്ത വീര്യം. കോപ്പ അമേരിക്കയ്ക്ക് പിന്നാലെ ലോകകപ്പിലും ഗോള്‍ഡന്‍ ഗ്ലൗലേക്ക് എമിയെ അടുപ്പിക്കുന്നു ഈ ഗുണങ്ങള്‍.

ജപ്പാനെതിരായ ഷൂട്ടൗട്ട് സേവുകള്‍ വണ്‍ ടൈം വണ്ടറല്ലെന്ന് തെളിയിക്കുന്നതായിരുന്നു ലിവാക്കോവിച്ചിന്റെ ബ്രസീലിനെതിരായ പ്രകടനം. ലോകത്തോര ബ്രസീലിയന്‍ ഫോര്‍വേഡുകളുടെ 11 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണ് ലിവാക്കോവിച്ച് തട്ടിയകറ്റിയത്. പിന്നാലെ ഷൂട്ടൗട്ടില്‍ ബ്രസീലിയന്‍ വീര്യം ഒന്നടങ്കം ചോര്‍ത്തി റൊഡ്രീഗോയുടെ പെനാല്‍റ്റി കിക്കും തടുത്തിട്ടു. ഗോളടി വീരന്മാര്‍ ഏറെയുണ്ട് ഇരുപക്ഷത്തും. പക്ഷെ എമി മാര്‍ട്ടിനസിനെയും ലിവാക്കോവിച്ചിനെയും മറികടക്കുക എളുപ്പമാവില്ല.

നാല് ടീമുകള്‍ക്ക് ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ വീതം; ഖത്തര്‍ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ടിനായി ആറ് താരങ്ങള്‍

Follow Us:
Download App:
  • android
  • ios