സാവോപോളോ: കോപ്പ അമേരിക്കയിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടം. അർജന്‍റീന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഖത്തറിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ഇതേസമയംതന്നെ, കൊളംബിയ പരാഗ്വേയെ നേരിടും. ആദ്യ കളിയിൽ തോൽക്കുകയും രണ്ടാം കളിയിൽ സമനില വഴങ്ങുകയും ചെയ്ത അർജന്‍റീന ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

ഖത്തറിനെ തോൽപിച്ചാലും കൊളംബിയ-പരാഗ്വേ മത്സര ഫലത്തെക്കൂടി ആശ്രയിച്ചായിരിക്കും അർജന്‍റീനയുടെ ക്വാർട്ടർ ഫൈനൽ സാധ്യത. ആറ് പോയിന്‍റുള്ള കൊളംബിയയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങള്‍ ഫോമിലെത്താത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്.

പൗളോ ഡിബാലയ്ക്ക് അവസരം കൊടുക്കാത്തതും ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം പരിശീലനത്തില്‍ ഡിബാല-മെസി കോമ്പിനേഷന്‍ പരിശീലകന്‍ പരീക്ഷിച്ചിട്ടുണ്ട്. ഖത്തറിനെതിരെ കളിത്തിലിറങ്ങുമ്പോള്‍ ഈ കൂട്ടുക്കെട്ടാകും അര്‍ജന്‍റീനയ്ക്ക് മുതല്‍ക്കൂട്ടാവുകയെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.