ലോകകപ്പിന് യോഗ്യത നേടാനാകാത്ത ദുഃഖത്തിന് മുകളില്‍ ഇറ്റലിക്ക് മറ്റൊരു സങ്കടം കൂടി. വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. ഇറ്റലി കാഴ്ചക്കാരുടെ റോളില്‍. ഇരുപത്തിയെട്ടാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് വലയിലാക്കി ലീഡ് സമ്മാനിച്ചു. 

ലണ്ടന്‍: യൂറോ കപ്പ്- കോപ്പാ അമേരിക്ക ചാംപ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമയില്‍ അര്‍ജന്റീനയ്ക്ക് (Argentina) തകര്‍പ്പന്‍ ജയം. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന തകര്‍ത്തു. ലാതുറോ മാര്‍ട്ടിനസും ഡി മരിയയും പൗളോ ഡിബാലയുമാണ് (Paulo Dybala) ഗോളുകള്‍ നേടിയത്. ലിയോണല്‍ മെസി (Lionel Messi) രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കൂടെ മാന്‍ ഓഫ് ദ മാച്ചും ഫലം അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് മറ്റൊരു കിരീടം കൂടി. മാത്രമല്ല, അപരാജിതരായി 32 മത്സരങ്ങള്‍ ടീം പൂര്‍ത്തിയാക്കി. 

ലോകകപ്പിന് യോഗ്യത നേടാനാകാത്ത ദുഃഖത്തിന് മുകളില്‍ ഇറ്റലിക്ക് മറ്റൊരു സങ്കടം കൂടി. വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. ഇറ്റലി കാഴ്ചക്കാരുടെ റോളില്‍. ഇരുപത്തിയെട്ടാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് വലയിലാക്കി ലീഡ് സമ്മാനിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് ഏഞ്ചല്‍ ഡി മരിയയുടെ ചിപ്പ് ഗോള്‍ ലീഡ് രണ്ടാക്കി. അവസാന മിനിറ്റില്‍ വീണ്ടും മെസിയുടെ നീക്കത്തിനൊടുവില്‍ ഡിബാല ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

ഫിനിഷിങ്ങിലെ പിഴവും ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയുടെ മികവും ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീനന്‍ വിജയത്തിന് ഇനിയും മാറ്റ് കൂടിയേനെ. ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനിക്ക് ജയത്തോടെയുള്ള വിടവാങ്ങല്‍ കൊടുക്കാനും ഇറ്റലിയ്ക്കായില്ല. 29 വര്‍ഷത്തിന് ശേഷമുള്ള കോപ്പ-യൂറോ ചാംപ്യന്‍മാരുടെ പോരാട്ടം മെസിയും കൂട്ടരും ആരാധകര്‍ക്ക് മറക്കാനാവാത്തതാക്കി.

ബ്രസീല്‍ ഇന്നിറങ്ങുന്നു

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഇന്ന് തെക്കന്‍ കൊറിയയെ നേരിടും. സോളിലെ ലോകകപ്പ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. പരിശീലനത്തിനിടെ പരിക്കേട്ട നെയ്മര്‍ കൊറിയക്കെതിരെ കളിച്ചേക്കില്ല. സഹതാരവുമായി കൂട്ടിയിടിച്ച് വീണപ്പോള്‍ നെയ്മറുടെ കാലിനാണ് പരിക്കേറ്റത്. ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം റയല്‍ മാഡ്രിഡിന്റെയും ലിവര്‍പൂളിന്റെയും താരങ്ങള്‍ കഴിഞ്ഞ ദിവസം മാത്രമാണ് ബ്രസീല്‍ ടീമിനൊപ്പം ചേര്‍ന്നത്. ഇതുകൊണ്ടുതന്നെ ആരെയൊക്കെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ കോച്ച് ടിറ്റെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

നേഷന്‍സ് ലീഗില്‍ വമ്പന്‍ പോര്

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വന്പന്‍ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ രാത്രി പന്ത്രണ്ടേകാലിന് കരുത്തരായ സ്‌പെയിനെ നേരിടും. സ്‌പെയിനിലെ സെവിയയിലാണ് മത്സരം. പരിക്കേറ്റ അയ്മറിക് ലപ്പോര്‍ട്ടയും പെഡ്രിയും ഡേവിഡ് ഡിഹിയയും ഇല്ലാതെയാണ് സ്‌പെയ്ന്‍ ഇറങ്ങുന്നത്. റൂബന്‍ ഡിയാസ് പോര്‍ച്ചുഗല്‍ നിരയിലും ഉണ്ടാവില്ല. ഗാവി, അല്‍വാരോ മൊറാട്ട, ഫെറാന്‍ ടോറസ് എന്നിവരെയാണ് സ്‌പെയ്ന്‍ മുന്നേറ്റനിരയില്‍ അണിനിരത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഡീഗോ ജോട്ടയും പോര്‍ച്ചുഗലിന്റെ മുന്നേറ്റനിരയിലെത്തും. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡിനെയും സ്ലോവേനിയ, സ്വീഡനെയും നേരിടും.