Asianet News MalayalamAsianet News Malayalam

'ചാംപ്യന്‍ ടീമിന്റെ ഭാഗമായി തുടരും'; ഉടന്‍ വിരമിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ലിയോണല്‍ മെസി

അര്‍ജന്റീനയും ഫുട്‌ബോള്‍ ലോകവും വീണ്ടും വിളിച്ചപ്പോള്‍ പിന്നെയും മെസ്സി പടക്കോപ്പുകള്‍ കൂട്ടി. ആറ് വര്‍ഷത്തെ ഇടവേളയില്‍ 3 കിരീടങ്ങള്‍. കരിയറിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ നെഞ്ചില്‍ ചേര്‍ത്തുവച്ച ജേഴ്‌സിയൂരാന്‍ മെസിക്കാകില്ല.

Argentine captain Lionel Messi on his future and more
Author
First Published Dec 19, 2022, 9:01 AM IST

ദോഹ: ലോകകിരീടത്തിന്റെ തിളക്കത്തില്‍ നില്‍ക്കെ ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. അടുത്ത ലോകകപ്പിലും മെസിക്ക് ഇടമുണ്ടെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പറഞ്ഞു. തുടരെ മൂന്ന് വര്‍ഷം മൂന്ന് ഫൈനലുകളില്‍ അര്‍ജന്റീന വീണപ്പോള്‍ മെസി പൊട്ടിക്കരഞ്ഞു പ്രഖ്യാപിച്ചിരുന്നു, ഇനി ആല്‍ബിസെലസ്റ്റെ ജേഴ്‌സിയണിയാന്‍ ഞാനില്ലെന്ന്. ആവുന്നതെല്ലാം ചെയ്തിട്ടും എനിക്ക് നാടിന് കിരീടം നല്‍കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അര്‍ജന്റീനയും ഫുട്‌ബോള്‍ ലോകവും വീണ്ടും വിളിച്ചപ്പോള്‍ പിന്നെയും മെസ്സി പടക്കോപ്പുകള്‍ കൂട്ടി. ആറ് വര്‍ഷത്തെ ഇടവേളയില്‍ 3 കിരീടങ്ങള്‍. കരിയറിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ നെഞ്ചില്‍ ചേര്‍ത്തുവച്ച ജേഴ്‌സിയൂരാന്‍ മെസിക്കാകില്ല. ഈ ചാംപ്യന്‍ടീമിനൊപ്പം ഇനിയും കളിക്കണമെന്ന് മെസി. 98ലെത്തി നില്‍ക്കുന്ന ഗോള്‍നേട്ടത്തിനപ്പുറം ഒരു കോപ്പ അമേരിക്കയ്ക്ക് കൂടി കളമൊരുക്കാമെന്ന് പ്രതീക്ഷ. അടുത്ത ലോകകപ്പാമ്പോള്‍ മെസിക്ക് 39 വയസ്സാകും. 

എങ്കിലും അര്‍ജന്റൈന്‍ നായകന്റെ ഇടം ആര്‍ക്കും നല്‍കില്ലെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പ്രഖ്യാപിക്കുന്നു.  നിരാശയുടെ ഭാരവുമായി കളിച്ച മെസിയെ നമ്മള്‍ ഏറെ നാള്‍ കണ്ടു. ഇതിഹാസത്തിന്റെ സ്ഥാനാരോഹണത്തിന് ശേഷമുള്ള മെസിയെ ഇനി കാണാം. സൗദി അറേബ്യ നല്‍കിയ ഇരട്ടപ്രഹരം ഊര്‍ജമാക്കിയെന്നും മെസി പറഞ്ഞു. തോല്‍വിക്ക് ശേഷം മെസി പറഞ്ഞത് ഇങ്ങനെയായിരുന്നു... '' ഈ സംഘത്തെ നിങ്ങള്‍ വിശ്വസിക്കൂ. നിങ്ങള്‍ നിരാശപ്പെടില്ല.'' പിന്നെ കണ്ടത് ചരിത്രം.

ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസിയെ തേടി അപൂര്‍വമായ മറ്റൊരു നേട്ടം കൂടിയെത്തി. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരവുമായി 35കാരന്‍. ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.

ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മ്വാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു. കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു.

സ്കലോണി ആദ്യം അര്‍ജന്‍റീനയെ തോല്‍ക്കാതിരിക്കാന്‍ പഠിപ്പിച്ചു, ഒടുവില്‍ ജയിക്കാനും

Follow Us:
Download App:
  • android
  • ios