മാര്‍ട്ടിനെസ് മാനസികമായി മത്സരസജ്ജനാണോയെന്ന് അറിയില്ലെന്നും വിജയാഘോഷങ്ങള്‍ക്ക് ശേഷം ക്ലബ്ബ് ഫുട്‌ബോളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും പരിശീലകന്‍ അഭിപ്രായപ്പെട്ടു.
ലണ്ടന്‍: ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയില്‍ തിരിച്ചെത്തി. മാര്‍ട്ടിനെസിന്റെ വീഡിയോ ക്ലബ്ബ് സാമൂഹിക മാധ്യമഘങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ ടോട്ടനത്തിനെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് കളിക്കുമോയെന്ന് വ്യക്തമാക്കാന്‍ പരിശീലകന്‍ യുനായ് എമേറി തയ്യാറായില്ല.
മാര്‍ട്ടിനെസ് മാനസികമായി മത്സരസജ്ജനാണോയെന്ന് അറിയില്ലെന്നും വിജയാഘോഷങ്ങള്‍ക്ക് ശേഷം ക്ലബ്ബ് ഫുട്‌ബോളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും പരിശീലകന്‍ അഭിപ്രായപ്പെട്ടു. ലോകകപ്പ് ജയത്തിന് ശേഷമുള്ള മാര്‍ട്ടിനെസിന്റെ പ്രതികരണങ്ങളില്‍ എമേറി അതൃപ്തനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ടോട്ടന്‍ഹാമിന്റെ അര്‍ജന്റൈന്‍ പ്രതിരോധതാരം ക്രിസ്റ്റിയന്‍ റൊമേറൊയും ടീമില്‍ തിരിച്ചെത്തി താരം ടീമിനൊപ്പം കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തിലിറങ്ങും. പോയിന്റ് നിലയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവേ മത്സരത്തില്‍ വൂള്‍വ്‌സിനെ നേരിടും. രാത്രി 8.30ന് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, സ്വന്തം തട്ടകത്ത് എവേര്‍ട്ടനുമായി ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ന്യൂകാസിലിന്റെ എതിരാളികള്‍ ലീഡ്‌സ് യുണൈറ്റഡ് ആണ്.
രാത്രി 11 മണിക്ക് ആഴ്‌സനല്‍, ബ്രൈറ്റണിനെ നേരിടുന്നതോടെ ലീഗില്‍ ഈ വര്‍ഷത്തെ മത്സരങ്ങള്‍ അവസാനിക്കും. ഇന്നലെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. വൂട്ട് ഫേസിന്റെ ഇരട്ട സെല്‍ഫ് ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. 15 കളിയില്‍ 40 പോയിന്റുള്ള ആഴ്‌സനല്‍ ഇന്ന് തോറ്റാലും ഒന്നാം സ്ഥാനക്കാരായി പുതുവര്‍ഷത്തിലേക്ക് കടക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് നിലവില്‍ 35 പോയിന്റാണുള്ളത്.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും; ബ്രൈറ്റണ്‍- ആഴ്‌സനല്‍ പോരാട്ടവും ഇന്ന്
