ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ ആഴ്‌സനലിന് ജയം. ലീഗ് കിരീടം ഉറപ്പിച്ച ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് ജയം സ്വന്തമാക്കിയത്. ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അലക്‌സാന്ദ്രേ ലക്കസാറ്റെ, റീസ് നെല്‍സണ്‍ എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്. സാദിയോ മാനെയുടെ വകയായിരുന്നു ലിവര്‍പൂളിന്റെ ഏകഗോള്‍. തോല്‍വിയോടെ സീസണില്‍ 100 പോയിന്റുകള്‍ നേടാമെന്ന ലിവര്‍പൂളിന്റെ മോഹത്തിന് അവസാനമായി.

20ാം മിനിറ്റില്‍ തന്നെ മാനെ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നത് മുമ്പ് തന്നെ ആഴ്‌സനല്‍ തിരിച്ചടിച്ചു. 32ാം മിനിറ്റില്‍ ലക്കസാറ്റെയാണ് ഒപ്പമെത്തിച്ചത്. പ്രതിരോധതാരം വിര്‍ജിന്‍ വാന്‍ ഡൈക്കിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. അദ്യപുകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ റീസ് നെല്‍സണ്‍ ആഴ്‌സനലിന് വിജയമുറപ്പിച്ച ഗോള്‍ സമ്മാനിച്ചു.

മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്തിലെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. യുവേഫ വിലക്ക് മാറ്റിയ ശേഷമുള്ള സിറ്റിയുടെ ആദ്യ മത്സരമായിരുന്നത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഡേവിഡ് സില്‍വ സിറ്റിക്ക് വേണ്ടി ആദ്യം വല കുലുക്കി. 39ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ലീഡുയര്‍ത്തി. 88ാം മിനിറ്റില്‍ ഡേവിഡ് ബ്രൂക്ക്‌സിന്റെ വകയായിരുന്നു ബേണ്‍മൗത്തിന്റെ ഏകഗോള്‍.

ഹാര കെയ്ന്‍ രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ ടോട്ടന്‍ഹാം ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. കെയ്‌നിന് പുറമെ സോണ്‍ മിനാണ് ഗോള്‍ നേടിയത്. മാറ്റ് റിച്ചിയുടെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസഗോള്‍. ബേണ്‍സി- വോള്‍വ്‌സ് മത്സരം സമനിലയില്‍ പിരിഞ്ഞു.