വെംബ്ലി: എഫ്എ കപ്പ് ഫുട്ബോൾ കിരീടം ആഴ്‌സണലിന്. ഫൈനലിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ആഴ്‌സണൽ പതിനാലാം കിരീടം സ്വന്തമാക്കിയത്. ഒബമയാംഗിന്റെ ഇരട്ട ഗോളാണ് ആഴ്സണലിനെ രക്ഷിച്ചത്. അഞ്ചാം മിനുറ്റില്‍ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ ആദ്യ ഗോൾ നേടിയ ശേഷം ആയിരുന്നു ചെൽസിയുടെ തോൽവി. 

സീസണിലെ ഗോളടിമികവ് കലാശപ്പോരിലും ആവര്‍ത്തിച്ച ഒബമയാംഗിന്‍റെ ഫോമാണ് ആഴ്‌സണലിന് തുണയായത്. ഒബമയാംഗ് 28-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചപ്പോള്‍ 67-ാം മിനുറ്റില്‍ വിജയഗോള്‍ പിറന്നു. എഴുപത്തിമൂന്നാം മിനിറ്റിൽ കൊവാസിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി. ഇതിനുശേഷം ശക്തമായ ആക്രമണങ്ങളിലൂടെ തിരിച്ചെത്താന്‍ ചെല്‍സിക്കായില്ല.

ഏറ്റവും കൂടുതൽ തവണ എഫ്എ കപ്പ് നേടുന്ന ടീമാണ് ആഴ്‌സണൽ. 12 കിരീടങ്ങളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് കിരീടനേട്ടത്തില്‍ രണ്ടാമത്. എഫ്‌എ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലാശപ്പോര് കളിച്ചതും ആഴ്‌സണല്‍(21) ആണ്.