ലണ്ടന്‍: പുതിയ പരിശീലകന് കീഴില്‍ ആഴ്‌സനല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണാണ് ഗണ്ണേഴ്‌സിന്റെ എതിരാളി. വൈകിട്ട് ആറിനാണ് മത്സരം. കഴിഞ്ഞ ദിവസമാണ് മുന്‍ ക്യാപ്റ്റനായ മിഖേല്‍ അര്‍ട്ടേറ്റയെ പുതിയ പരിശീലകനായി നിയമിച്ചത്. അവസാന ഏഴ് മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതിരുന്നതോടെയാണ് ആഴ്‌സണല്‍, എമെറിയെ പുറത്താക്കിയത്. മൂന്നര വര്‍ഷത്തേക്കാണ് കരാര്‍. 

133 വര്‍ഷത്തെ പാരമ്പര്യമുള്ള ആഴ്‌സണലിന്റെ ഇരുപതാമത്തെ മുഴുവന്‍ സമയ പരിശീലകനാണ് മുപ്പത്തിയേഴുകാരനായ അര്‍ട്ടേറ്റ. അഞ്ചുവര്‍ഷം ആഴ്‌സണിന്റെ താമായിരുന്ന അര്‍ട്ടേറ്റ, രണ്ട് എഫ് എ കപ്പ് വിജയത്തില്‍ പങ്കാളിയായിരുന്നു.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി പതിനൊന്നിനാണ് മത്സരം. 35 പോയിന്റുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്. ലെസ്റ്ററിന് 39 പോയിന്റുണ്ട്. 49 പോയിന്റുള്ള ലിവര്‍പൂളാണ് ലീഗില്‍ ഒന്നാംസ്ഥാനത്ത്.