ലണ്ടന്‍: എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ആഴ്‌സനലുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ തോല്‍വി. എറിക് ഔബമയാങ്ങിന്റെ ഇരട്ട ഗോളുകളാണ് ആഴ്‌സനലിന് ജയമൊരുക്കിയത്. സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ സഹപരിശീലകനായിരുന്ന മികേല്‍ അര്‍ട്ടേറ്റയാണ് ആഴ്‌സനലിനെ പരിശീലിപ്പിക്കുന്നത്. അര്‍ട്ടേറ്റയ്ക്ക് ആശാനെതിരായ ജയം കൂടിയായിത്.

വെബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19ാം മിനിറ്റിലാണ് ആഴ്‌സനല്‍ ആദ്യ ഗോള്‍ നേടിയത്. 18ാം പാസുകള്‍ക്ക് ശേഷമായിരുന്നു ഔബമയാങ്ങിന്റെ ഗോള്‍. നിക്കോളാസ് പെപെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. 71ാം മിനിറ്റില്‍ ആഴ്‌സനല്‍ വിജയഗോള്‍ നേടി. കീറണ്‍ ടിര്‍ണിയുടെ മനോഹരമായ പാസ് താരം ഗോളാക്കുകയായിരുന്നു.

ആഴ്‌സണലിന്റെ 21ആം എഫ് എ കപ്പ് ഫൈനലാണിത്. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം.