ആഴ്സനലിനായി എംറിക്ക് ഒബാമയങ്ങും ലിവർപൂളിനായി തകുമി മിനാമിനോയും ഗോൾ നേടി.

ലണ്ടൻ: കമ്മ്യൂണിറ്റി ഷീൽഡ് ആഴ്സനലിന്. ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ആഴ്സനൽ കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോൾ വീതം നേടി. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികള തീരുമാനിച്ചത്. ആഴ്സനലിനായി എംറിക്ക് ഒബാമയങ്ങും ലിവർപൂളിനായി തകുമി മിനാമിനോയും ഗോൾ നേടി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂൾ യുവതാരം റിയാൻ ബ്രൂയിസ്റ്റർക്ക് പിഴച്ചപ്പോൾ അർട്ടേറ്റയും സംഘവും സീസണിലെ ആദ്യ കിരീടമുയർത്തി. 

പ്രീമിയർ ലീഗ് ചാംപ്യന്മാരെ ഞെട്ടിച്ച് 12-ാം മിനിറ്റിൽ ആഴ്സനൽ മുന്നിലെത്തി. യുവതാരം ബുകായോ സാകയുടെ പാസ് സ്വീകരിച്ച് ഒബാമയങ്ങ് വല കുലുക്കി. ബോക്സിന് പുറത്ത് നിന്ന് ക്യാപ്റ്റൻ തൊടുത്ത വലങ്കാലൻ ഷോട്ട് ഗോൾ കീപ്പർ അലിസണെ കീഴടക്കി ഫാർ പോസ്റ്റിൽ പതിഞ്ഞു. ആദ്യ പകുതി അവസാനിക്കും വരെ ഗണ്ണേഴ്സിന് ലീഡ് നില നിർത്താനായി.
 എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മിനാമിനോയിലൂടെ ക്ലോപ്പും സംഘവും ഒപ്പമെത്തി. 73-ാം മിനിറ്റിലായിരുന്നു ഗോൾ. പിന്നീട് ഗോൾ നേടാൻ ഇരു ടീമുകൾക്കും ആയില്ല. ആഴ്സനൽ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മുതലാക്കാനായില്ല. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.

ലിവർപൂളിനായി കിക്കെടുത്ത മുഹമ്മദ് സലാ, ഫബിനോ, മിനാമിനോ, കേർട്വിസ് ജോൺസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ യുവതാരം ബ്രൂയിസ്റ്ററിന്റെ കിക്ക് ബാറിൽ തട്ടി മടങ്ങി. ആഴ്സണലിനായി റീസ് നെൽസൺ, മെയ്റ്റ്ലാന്റ് നൈൽസ്, സെഡെറിക് സോറസ്, ഡേവിഡ് ലൂയിസ്, ഒബാമയങ്ങ് എന്നിവർ ലക്ഷ്യം കണ്ടു. തെറ്റാതെ ഫിനിഷ് ചെയ്ത് കിരീടം ഉറപ്പിച്ചു. ഇതോടെ സീസണിലെ ആദ്യ കിരീടം ആഴ്സനലിനെ തേടിയെത്തി.