ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്‌സനലിന് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി. എവര്‍ട്ടണ്‍ 1-0ത്തിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ മറികടന്നു. 

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്‌സനല്‍ ചെല്‍സിയെ തകര്‍ത്തത്. അലക്‌സാണ്ട്രേ ലകാസെറ്റെ, ഗ്രനിറ്റ് സാഖ, ബുകായോ സാക എന്നിവര്‍ ആഴ്‌സനലിനായി സ്‌കോര്‍ ചെയ്തു.
85 ആം മിനുറ്റില്‍ ടാമി എബ്രഹാമിലൂടെ ചെല്‍സി ആശ്വാസ ഗോള്‍ നേടി. തോല്‍വിയോടെ 15 മത്സരങ്ങളില്‍ 25 പോയിന്റുമായി ചെല്‍സി ഏഴാം സ്ഥാനത്തേക്കിറങ്ങി.  ലീഗില്‍ പതിനാലാം സ്ഥാനത്താണ് ആഴ്‌സനല്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയിന്റാണ് ആഴ്‌സനലിന്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലെസ്റ്റര്‍ സിറ്റി സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ലീഗില്‍ ലെസ്റ്റര്‍ മൂന്നാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാമതുമാണ്. മാര്‍കസ് റാഷ്‌ഫോര്‍ഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. ഹാര്‍വി ബാര്‍നസ് ഒരു ഗോളും ആക്‌സല്‍ ടുവാന്‍സെബെയുടെ സെല്‍ഫ് ഗോളുമാണ് ലെസ്റ്ററിന് സമനില സമ്മാനിച്ചത്. 

ഗോളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 50 പ്രീമിയര്‍ ലീഗ് ഗോളുകളെന്ന നേട്ടത്തിലെത്തി റഷ്‌ഫോര്‍ഡ്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമാണ് റഷ്‌ഫോര്‍ഡ്. വെയ്ന്‍ റൂണിയും ക്രിസ്റ്റ്യാനോയുമാണ് റഷ്‌ഫോഡിന് മുന്നില്‍. സീസണിലെ ആറാം ഗോളാണ് ലെസ്റ്ററിനെതിരെ റഷ്‌ഫോര്‍ഡ് നേടിയത്.

ഗുണ്ടോഗന്‍, ഫെറാന്‍ ടോറസ് എന്നിവരുടെ ഗോളുകളാണ് ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയമൊരുക്കിയത്. ജയത്തോടെ സിറ്റിക്ക് 14 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റായി. അഞ്ചാം സ്ഥാനത്താണ് അവര്‍.