ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനമായി, ഫെബ്രുവരിയിൽ ലീഗ് ആരംഭിക്കാനാണ് ശ്രമം.
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിങ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ. ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ശ്രമം. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്.
ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക. ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്. ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.
അതേസമയം, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും തളരാത്ത പോരാട്ടവീര്യം വിളിച്ചോതുന്ന ഡിസൈനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. കേരളത്തിന്റെ പ്രധാന കലാരൂപങ്ങളില്‍ ഒന്നായ തെയ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ തെയ്യത്തിന്റെ സങ്കീര്‍ണ്ണമായ മുഖചിത്രങ്ങള്‍ ക്ലബ്ബിന്റെ ചിഹ്നമായ ആനയുടെ ലോഗോയില്‍ സമന്വയിപ്പിച്ചത്.

