സ്റ്റിമാക്കിന്‍റെ ലിസ്റ്റ് വെട്ടി, പക്ഷെ ഛേത്രി തന്നെ നയിക്കും, ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമായി
ദേശീയ ടീമിനായി താരങ്ങളെ വിട്ടുകൊടുക്കാൻ ഐ എസ് എൽ ക്ലബുകൾ തയ്യാറായതോടെയാണ് ഛേത്രി അടക്കം ഏഷ്യന്‍ ഗെയിംസ് ടീമിലെത്തിയത്. ഈ മാസം 19ന് ചൈനക്കെതിരാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ദില്ലി: മാറ്റങ്ങളോടെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ മലയാളി താരം കെ.പി.രാഹുലും ഇടം നേടി. ധീരജ് സിംഗ്, റഹീം അലി, വിൻസി ബരേറ്റോ എന്നിവരാണ് ടീമിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. ആദ്യപട്ടികയിലുണ്ടായിരുന്ന സന്ദേശ് ജിങ്കനും ഗുര്‍പ്രീത് സിംഗ് സന്ധുവും ടീമിലില്ല. ഓഗസ്റ്റ് ഒന്നിന് സ്റ്റിമാക്ക് പ്രഖ്യാപിച്ച 22 അംഗ ടീമിലെ ഒമ്പത് താരങ്ങളാണ് ഫെഡറേഷന്‍ പ്രഖ്യാപിച്ച ടീമിലുള്ളത്. ടീമില്‍ 24 വയസിന് മുകളിലുള്ള ഏക താരവും നായകന്‍ ഛേത്രിയാണ്. രണ്ട് ഗോള്‍ കീപ്പര്‍മാര്‍ മാത്രമാണ് ടീമിലുള്ളത്. സാധാരണ ടീമുകളില്‍ മൂന്ന് ഗോള്‍ കീപ്പറുണ്ടാകാറുണ്ട്.
ദേശീയ ടീമിനായി താരങ്ങളെ വിട്ടുകൊടുക്കാൻ ഐ എസ് എൽ ക്ലബുകൾ തയ്യാറായതോടെയാണ് ഛേത്രി അടക്കം ഏഷ്യന്‍ ഗെയിംസ് ടീമിലെത്തിയത്. ഈ മാസം 19ന് ചൈനക്കെതിരാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇതോടെ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന് ഛേത്രിയും രാഹുലും ഉണ്ടാവില്ല. 21ന് കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മിലുള്ള ഉദ്ഘാടന മത്സരം.
ഇഗോര്‍ സ്റ്റിമാക്ക് തന്നെയാണ് ടീമിന്‍റെ മുഖ്യ പരിശീലകനെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ടീമിനൊപ്പം യാത്ര ചെയ്യാമെന്ന് സ്റ്റിമാക്ക് ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല. ഇന്നലെ രാത്രിയോടെ ഫെഡറേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏഷ്യന്‍ ഗെയിംസ് ടീം ലിസ്റ്റിലും പരിശീലക സ്ഥാനത്ത് സ്റ്റിമാക്കിന്‍റെ പേരില്ല.
സ്റ്റിമാക്കുമായി ഇന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ഷാജി പ്രഭാകരന്‍ ചര്‍ച്ച നടത്തുന്നുണ്ട്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും, ഐഎസ്എൽ സംഘാടകരായ എഫ് ഡി എസ് എല്ലും നടത്തിയ ചര്‍ച്ചയിലാണ് ഏഷ്യന്‍ ഗെയിംസിന് കളിക്കാരെ വിട്ടുകൊടുക്കാന്‍ ധാരണയായത്.
ബെംഗലൂരു എഫ് സിയില്‍ നിന്ന് ആര് താരങ്ങളെ സ്റ്റിമാക്ക് തെരഞ്ഞെടുത്തെങ്കിലും പുതിയ പട്ടികയില്‍ രണ്ട് പേര്‍ മാത്രമാണുള്ളത്. സുനില്‍ ഛേത്രിയും രോഹിത് ദാനുവും. ഈസ്റ്റ് ബംഗാള്‍ എഫ് സിയില്‍ നിന്ന് ഒറ്റ താരം പോലും ടീമിലില്ല. എന്നാല്‍ മോഹന്‍ ബഗാനില്‍ നിന്നും മുംബൈ സിറ്റി എഫ് സിയില്‍ നിന്നും ഓരോ താരങ്ങള്‍ ടീമിലുണ്ട്. ഐ-ലീഗില്‍ നിന്ന് ഒരേയൊരു താരം മാത്രമാണ് ടീമിലെത്തിയത്. ഗോകുലം കേരളയുടെ താരമായ അഫ്സര്‍ നൂറാനിയാണ് ടീമിലെത്തിയ ഏക ഐ-ലീഗ് താരം.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം: ഗുർമീത് സിംഗ് (ഹൈദരാബാദ് എഫ്‌സി), ധീരജ് സിംഗ് (എഫ്‌സി ഗോവ); സുമിത് രതി (മോഹൻ ബഗാൻ സൂപ്പർ ജയന്റ്), നാർദേന്ദർ ഗഹ്‌ലോട്ട് (ഒഡീഷ എഫ്‌സി), അമർജിത് സിംഗ് കിയാം (പഞ്ചാബ് എഫ്‌സി), സാമുവൽ ജെയിംസ് (പഞ്ചാബ്), രാഹുൽ കെപി (കേരള ബ്ലാസ്റ്റേഴ്‌സ്), അബ്ദുൾ റബീഹ് അഞ്ജുകണ്ഠൻ (ഹൈദരാബാദ് എഫ്‌സി), ആയുഷ് ഛേത്രി (എഫ്‌സി ഗോവ). ), ബ്രൈസ് മിറാൻഡ (കേരള ബ്ലാസ്റ്റേഴ്‌സ്), അസ്ഫർ നൂറാനി (ഗോകുലം കേരള), റഹീം അലി (ചെന്നൈയിൻ എഫ്‌സി), വിൻസി ബാരെറ്റോ (ചെന്നൈയിൻ എഫ്‌സി), സുനിൽ ഛേത്രി (ബെംഗളൂരു എഫ്‌സി), രോഹിത് ദാനു (ബെംഗളൂരു എഫ്‌സി), ഗുർകിരാത് സിംഗ് (മുംബൈ സിറ്റി) , അനികേത് ജാദവ് (ഒഡീഷ എഫ്‌സി.)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക