നിലവില്‍ ഫിന്‍ലന്‍ഡ് യൂറോ കപ്പില്‍ നിന്ന് പുറത്തായെങ്കിലും മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും താരം കളിച്ചിരുന്നു. മോഹന്‍ ബഗാനില്‍ രണ്ടു വര്‍ഷത്തെ കരാറാണ് കോകോ ഒപ്പുവെച്ചത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ സൈനിംഗുമായി എടികെ മോഹന്‍ ബഗാന്‍. ഇത്തവണ യൂറോ കപ്പില്‍ കളിച്ച ഫിന്‍ലന്‍ഡിന്റെ മധ്യനിര താരം ജോനി കോകോ ആണ് മോഹന്‍ ബഗാനില്‍ എത്തിയിരിക്കുന്നത്. 30കാരനായ താരം ഫിന്‍ലാന്‍ഡ് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാണ്. നിലവില്‍ ഫിന്‍ലന്‍ഡ് യൂറോ കപ്പില്‍ നിന്ന് പുറത്തായെങ്കിലും മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും താരം കളിച്ചിരുന്നു. മോഹന്‍ ബഗാനില്‍ രണ്ടു വര്‍ഷത്തെ കരാറാണ് കോകോ ഒപ്പുവെച്ചത്. ഡെന്മാര്‍ക്കില്‍ എസ്‌ബേര്‍ജ് ക്ലബിനു വേണ്ടിയായിരുന്നു അവസാന മൂന്ന് വര്‍ഷമായി കളിക്കുന്നത്.

Scroll to load tweet…

ഇതിനിടെ, മോഹന്‍ ബഗാന്റെ യുവതാരമായ സുമിത് റതിയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങി. താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ സമീപിച്ചതായാണ് വാര്‍ത്തകള്‍. ഇനിയും മൂന്ന് വര്‍ഷത്തെ കരാര്‍ ബഗാനില്‍ സുമിതിന് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കുക കേരള ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമാകില്ല. 

ഡിഫന്‍ഡറായ സുമിത് അരങ്ങേറ്റ സീസണില്‍ ഐഎസ്എല്ലില്‍ എമേര്‍ജിങ് പ്ലയര്‍ ഓഫ് ദ സീസണായി മാറിയിരുന്നു. ലെഫ്റ്റ് ബാക്കായും സെന്റര്‍ ബാക്കായും കളിക്കാന്‍ കഴിവുള്ള താരമാണ്. 2019-20 സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച റതി എടികെയുടെ കിരീട പോരാട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 

എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന് ആകെ ആറ് മത്സരങ്ങള്‍ മാത്രമെ കളിക്കാനായുള്ളൂ. 19കാരനായ താരം ഇന്ത്യന്‍ ആരോസിനായും കളിച്ചിട്ടുണ്ട്. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്.

അതേസമയം, പോര്‍ച്ചുഗീസ് വിങ്ങര്‍ ലൂയിസ് മഷാഡോ ഇനി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ടു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. പോളിഷ് ക്ലബായ എക്‌സ്ട്രക്ലസയിലാകും താരം ഇനി കളിക്കുക. 

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റില്‍ എത്തിയ താരം 22 മത്സരങ്ങള്‍ കളിച്ചിരുന്നു. ഏഴു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.