മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ അത്‍‍ലറ്റിക്കോ മാഡ്രിഡിന് ത്രസിപ്പിക്കുന്ന ജയം. എസ്‌പാനിയോളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അത്‌ലറ്റിക്കോ തകര്‍ത്തത്. ആദ്യ പകുതിയിൽ പിന്നിലായ ശേഷമാണ് അത്‌ലറ്റിക്കോ തിരിച്ചടിച്ചത്.

ജയത്തോടെ അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 കളിയിൽ 24 പോയിന്‍റാണ് അത്‌ലറ്റിക്കോയുടെ സമ്പാദ്യം. 12 കളിയിൽ 25 പോയിന്‍റുള്ള ബാഴ്‌സലോണ, റയൽ മാഡ്രിഡ് ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

അതേസമയം ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എ സി മിലാനെതിരെ യുവന്‍റസ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. 77-ാം മിനിറ്റിൽ പൗളോ ഡിബാലാ ആണ് ഗോൾ നേടിയത്. ഇതോടെ പോയിന്‍റ് പട്ടികയിൽ ഇന്‍റർമിലാനെ മറികടന്ന് യുവന്‍റസ് ഒന്നാമതായി. 12 കളികളിൽ നിന്ന് യുവന്‍റസിന് 32 പോയിന്‍റും ഇന്‍റർമിലാന് 31 പോയിന്‍റുമാണ് ഉള്ളത്.