Asianet News MalayalamAsianet News Malayalam

സുവാരസ് രക്ഷകനായി, ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

വിയ്യാറയലിനെതിരെ ജയിക്കുകയും അത്‌ലറ്റികോ ജയിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ മാത്രമെ റയലിന് കിരീടം നേടാന്‍ സാധിക്കുമായിരുന്നുള്ളു. 38 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് അത്‌ലറ്റികോയ്ക്ക്.

Atletico Madrid won La Liga by beating Valladolid
Author
Madrid, First Published May 22, 2021, 11:38 PM IST

മാഡ്രിഡ്: ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തില്‍ വയാഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ കിരീടം നേടിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയല്‍ മാഡ്രിഡിന് വിയ്യാറയലിനെതിരെ ജയിച്ചെങ്കിലും അത്‌ലറ്റികോയും ജയിച്ചതോടെ രണ്ടാം സ്ഥാനത്തായി. വിയ്യാറയലിനെതിരെ ജയിക്കുകയും അത്‌ലറ്റികോ ജയിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ മാത്രമെ റയലിന് കിരീടം നേടാന്‍ സാധിക്കുമായിരുന്നുള്ളു. 38 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് അത്‌ലറ്റികോയ്ക്ക്. റയലിന് 84 പോയിന്റും. 79 പോയിന്റുള്ള ബാഴ്‌സലോണയാണ് മൂന്നാം സ്ഥാനത്ത്. അത്‌ലറ്റികോയുടെ 11-ാം ലാ ലിഗ കിരീടമാണിത്. 2014ലാണ് അവസാനം ലാ ലിഗ ഉയര്‍ത്തിയത്. 

ആദ്യ പകുതി അവസാനിക്കുമ്പോള്‍ പിന്നിലായിരുന്നു അത്‌ലറ്റികോ. 18ാം മിനിറ്റില്‍ ഓസ്‌കാര്‍ പ്ലാനോയിലൂടെ വയ്യാഡോളിഡ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ അത്‌ലറ്റികോ സര്‍വ ശക്തിയും വീണ്ടെടുത്ത സിമിയോണിയുടെ സംഘം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. എയ്ഞ്ചല്‍ കൊറിയ, ലൂയിസ് സുവാരസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. 57, 67 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 

വിയ്യറയലിനെതിരെ റയല്‍ ആദ്യ പകുതിയില്‍ പിന്നിലായി. 20-ാം മിനിറ്റില്‍ യരേമി പിനോ റയലിനെ ഞെട്ടിച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ കരീം ബെന്‍സേമ റയലിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് ലൂക്ക മോഡ്രിച്ചും ഗോള്‍ നേടിയതോടെ ജയം റയലിനൊപ്പമായി. എന്നാല്‍ കാര്യമുണ്ടായില്ലെന്ന് മാത്രം. 

നേരത്തെ കിരീടസാധ്യകള്‍ അവസാനിച്ചിരുന്ന ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഐബറിനെ തോല്‍പ്പിച്ചു. മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് വേണ്ടി അന്റോയ്ന്‍ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്.

Follow Us:
Download App:
  • android
  • ios