മത്സരത്തില്‍ റേഞ്ചേഴ്സ് 9-0ന് ജയിച്ചു. മത്സരത്തിന്‍റെ 85-ാം മിനിട്ടിലാണ് റേഞ്ചേഴ്സിന്‍റെ അവസാന ഗോള്‍ ബാലയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. 65-ാം മിനിറ്റില്‍ പകരക്കാരിയായണ് ബാലാ ദേവി ഗ്രൗണ്ടിലിറങ്ങിയത്. 

എഡിന്‍ബറോ: സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിച്ച് ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം ബാലാ ദേവി.യൂറോപ്പിലെ പ്രഫഷണല്‍ ഫുട്ബോള്‍ ലീഗില്‍ ഗോളടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം ഇതോടെ ബാലാ ദേവി സ്വന്തമാക്കി. സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ റേഞ്ചേഴ്സ് എഫ്‌സിയുടെ താരമായ ബാലാ ദേവി മദര്‍വെല്‍ എഫ്‌സിക്കെതിരെയാണ് ഗോളടിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ റേഞ്ചേഴ്സ് 9-0ന് ജയിച്ചു. മത്സരത്തിന്‍റെ 85-ാം മിനിട്ടിലാണ് റേഞ്ചേഴ്സിന്‍റെ അവസാന ഗോള്‍ ബാലയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. 65-ാം മിനിറ്റില്‍ പകരക്കാരിയായണ് ബാലാ ദേവി ഗ്രൗണ്ടിലിറങ്ങിയത്. റേഞ്ചേഴ്സിനായി ക്രിസ്റ്റി ഹോവാറ്റും ലിസി ആര്‍നോട്ടും ഹാട്രിക്ക് നേടി. ബാലാ ദേവിക്ക് പുറമെ മെഗന്‍ ബെല്ലും ഡയാന ബൗര്‍മയും റേഞ്ചേഴ്സിനായി ലക്ഷ്യം കണ്ടു.

ഈ വര്‍ഷം ജനുവരിയിലാണ് ബാലാ ദേവി റേഞ്ചേഴ്സുമായി കരാറിലെത്തിയത്. യൂറോപ്പിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ബാലാ ദേവി. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച വനിതാ താരം കൂടിയാണ് ബാലാ ദേവി. 58 മത്സരങ്ങളില്‍ 52 ഗോളുകളാണ് ബാലാ ദേവിയുടെ പേരിലുള്ളത്. ദക്ഷിണേഷ്യയില്‍ രാജ്യത്തിനായി കൂടുതല്‍ ഗോള്‍ നേടിയ വനിതാ താരം കൂടിയാണ് ബാലാ ദേവി.

15-ാം വയസില്‍ രാജ്യത്തിനായി അരങ്ങേറിയ ബാലാ ദേവി ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു. ആഭ്യന്തര ലീഗില്‍ 120 മത്സരങ്ങളില്‍ 100 ഗോളുകളും ബാലാ ദേവിയുടെ പേരിലുണ്ട്. കഴിഞ്ഞ രണ്ട് വനിതാ ലീഗിലും രാജ്യത്തെ ടോപ് സ്കോററായിരുന്നു ബാലാ ദേവി. 2015ലും 2016ലും രാജ്യത്തെ ഏറ്റവും മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.