Ballon d'Or : മെസിയുടെ നേട്ടത്തിന് പിന്നാലെ ഫ്രാന്‍സ് മാഗസിന്‍ എഡിറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ
ലിയോണല്‍ മെസി (Lionel Messi ഏഴാമതും ബലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് താരം വിമര്‍ശനവുമായെത്തിയത്. ഫെറേ പറഞ്ഞ പ്രസ്താവനയാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്.

മാഞ്ചസ്റ്റര്‍: ഫ്രാന്‍സ് ഫുട്ബോള്‍ എഡിറ്റര്‍ ഇന്‍ ചീഫ് പാസ്‌കല്‍ ഫെറേയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ron-aldo). ലിയോണല്‍ മെസി (Lionel Messi ഏഴാമതും ബലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് താരം വിമര്‍ശനവുമായെത്തിയത്. ഫെറേ പറഞ്ഞ പ്രസ്താവനയാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്.
''ക്രിസ്റ്റിയാനോയ്ക്ക് ഒരു ആഗ്രഹം മാത്രമാണുള്ളത്. അത്, മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടി വിരമിക്കുകയെന്നുള്ളതാണ്. ക്രിസ്റ്റിയാനോ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുമുണ്ട്.'' ഇത്രയും കാര്യങ്ങളാണ് ഫെറേ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത്.
ക്രിസ്റ്റിയാനോയുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''സ്വന്തം പേര് ഉയര്‍ത്താന്‍ വേണ്ടി ഫെറെ എന്നെ ഉപയോഗിക്കുയാണ് ചെയ്യുന്നത്. അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്. ഇത്രയും മഹനീയമായ പുരസ്‌കാരം നല്‍കുന്നവര്‍ എന്തിനാണ് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതെന്ന് മനസിലാവുന്നില്ല. ഫ്രാന്‍സ് ഫുട്ബോളിനേയും ഗോള്‍ഡന്‍ ബോളിനേയും ബഹുമാനിച്ച ഒരാളോട് ചെയ്യുന്ന അനാദരവാണിത്. ക്വാറന്റൈനിലായത് കൊണ്ടാണ് ഞാന്‍ ചടങ്ങിന് വരാത്തത് എന്നും ഫെറേ പറഞ്ഞു. അതും കള്ളമാണ്. അങ്ങനെയൊരു ക്വാറന്റൈനും ഇവിടെയില്ല.
രാജ്യത്തിനും ക്ലബിനും വേണ്ടി കിരീടങ്ങള്‍ നേടുകയെന്നുള്ളത് മാത്രമാണ് എന്റെ ആഗ്രഹം. ജേതാക്കലെ ഞാനെപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. ഒരാള്‍ക്കും എതിരായി നിന്നിട്ടില്ല. മറ്റൊരാള്‍ക്കും എതിരെയല്ല ഞാന്‍ ജയിക്കുന്നത്. വരും തലമുറകള്‍ക്ക് മാതൃക ആവുകയെന്നുള്ളതാണ് എന്റെ ലക്ഷ്യം. ഫുട്ബോള്‍ ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ എന്റെ പേര് എഴുതി അവസാനിപ്പിക്കണം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വരും മത്സരങ്ങളിലാണ് എന്റെ ശ്രദ്ധ. ടീമിനൊപ്പം ആരാധകര്‍ക്കൊപ്പം സീസണില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' ക്രിസ്റ്റ്യാനോ കുറിച്ചിട്ടു.
അതേസമയം, മെസി തന്റെ ഏഴാം ബലന്‍ ഡി ഓര്‍ കിരീടമാണ് സ്വന്തമാക്കിയത്. ലെവന്‍ഡോസ്‌കിയെ പിന്തള്ളിയാണ് മെസി പുരസ്‌കാരം നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോര്‍ജീഞ്ഞോ, കരീം ബെന്‍സേമ, എന്‍ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.