Ballon d'Or : ലിയോണല്‍ മെസി പുരസ്‌കാരത്തിന് അര്‍ഹനല്ല, യോഗ്യന്‍ മറ്റൊരാള്‍; വിമര്‍ശനവുമായി റയല്‍ മാഡ്രിഡ് താരം
പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി പുരസ്‌കാരം നേടിയത്. ഇറ്റാലിയന്‍ താരം ജോര്‍ജിനോ മൂന്നാം സ്ഥാനത്തായി.

മാഡ്രിഡ്: അര്‍ജന്റൈന്‍ (Argentina) ഇതിഹാസം ലിയോണല്‍ മെസി (Lionel Messi) ഒരിക്കല്‍കൂടി ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തി. ഏഴാം തവണയും അദ്ദേഹം ബലന്‍ ഡി ഓര്‍ (Ballon d'Or) പുരസ്‌കാരം സ്വന്തമാക്കി. പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി പുരസ്‌കാരം നേടിയത്. ഇറ്റാലിയന്‍ താരം ജോര്‍ജിനോ മൂന്നാം സ്ഥാനത്തായി. ഫുട്‌ബോള്‍ ലോകം മെസിയെ വാഴ്ത്തി കയ്യടിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിന് പറയാനുള്ളത് മറ്റൊന്നാണ്.
മെസി ബലന്‍ ഡി ഒാര്‍ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നാണ് ക്രൂസിന്റെ പക്ഷം. ജര്‍മന്‍ മധ്യനിര താരത്തിന്റെ വാക്കുകള്‍... ''ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ് മെസിയെന്നതില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഇക്കൂട്ടത്തില്‍ പെടുത്താം. എന്നാല്‍ മെസിയല്ല ഇത്തവണത്തെ ബലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹന്‍. റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയാണ് പുരസ്‌കാരത്തിന് യോഗ്യന്‍.'' ക്രൂസ് പറഞ്ഞു.
സീസണില്‍ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തെ കുറിച്ചും ക്രൂസ് സംസാരിച്ചു. ''ക്രിസ്റ്റ്യാനോയുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലനില്‍ക്കുന്നത്. മെസിയേക്കാള്‍ മികച്ച പ്രകടനം ക്രിസ്റ്റ്യാനോ പുറത്തെടുക്കുന്നുമുണ്ട്.'' ക്രൂസ് വ്യക്തമാക്കി.
ബലന്‍ ഡി ഓര്‍ വോട്ടിംഗില്‍ നാലാം സ്ഥാനത്തായിരുന്നു ബെന്‍സേമ. റയലിനായി മികച്ച പ്രകടനം നടത്തിയെങ്കിലും പ്രധാന കിരീടങ്ങളിലൊന്നും പങ്കാളിയാവാന്‍ ഫ്രഞ്ച് താരത്തിന് കവിഞ്ഞില്ല. മാത്രമല്ല, ഫ്രാന്‍സിന് യൂറോകപ്പ് ഉയര്‍ത്താന്‍ കഴിയാതെ പോയതും താരത്തെ പിന്നോട്ടാക്കി.
അതേസമയം, റയലില്‍ ക്രൂസിന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ചെല്‍സിയുടെ ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെ അഞ്ചാമതായി.