ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകള്‍ ഇന്നിറങ്ങും. ബാഴ്‌സലോണ, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയവര്‍ അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇറങ്ങുന്ന നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന്റെ എതിരാളികള്‍ നാപോളിയാണ്. നാല് കളിയില്‍ ഒന്‍പത് പോയിന്റുമായി ലിവര്‍പൂള്‍ ഒന്നും എട്ട് പോയിന്റുമായി നാപോളി രണ്ടാം സ്ഥാനത്തുമാണ്. നാപോളിയുടെ മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ വഴങ്ങിയ രണ്ട് ഗോള്‍ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരംവീട്ടാന്‍ കൂടിയുണ്ട് ലിവര്‍പൂളിന്. സാദിയോ മാനേ- റോബര്‍ട്ടോ ഫിര്‍മിനോ- മുഹമ്മദ് സലാ ത്രയത്തിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. 

ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണയ്ക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും നിര്‍ണായക പോരാട്ടം. എട്ട് പോയിന്റുള്ള ബാഴ്‌സ ഒന്നാമതും ഏഴ് പോയിന്റുള്ള ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാത്തുമാണ്. ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടം ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാംപ് നൗവിലാണ്. ആദ്യ പാദത്തില്‍ ഇരുടീമും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍, സ്ലാവിയ പ്രാഹയെ നേരിടും. നാല് പോയിന്റുള്ള ഇന്റര്‍ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് എച്ചില്‍ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ അയാക്‌സ്, ലിലിയുമായി ഏറ്റുമുട്ടും. ചെല്‍സി, വലന്‍സിയ എന്നിവര്‍ക്കൊപ്പം ഏഴ് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അയാക്‌സ് മുന്നിലാണ്. 

ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ സ്പാനിഷ് ക്ലബ് വലന്‍സിയയെ നേരിടും. ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഒറ്റഗോളിന് വലന്‍സിയക്കൊപ്പമായിരുന്നു. പരിക്ക് മാറിയ എന്‍ഗോളെ കാന്റെ തിരിച്ചെത്തുമ്പോള്‍ തോല്‍വിക്ക് പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ഫ്രാങ്ക് ലാംപാര്‍ഡും സംഘവും.