ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ബാഴ്‌സലോണ സൂപ്പര്‍ താരം ലൂയിസ് സുവാരസിന് ശസ്ത്രക്രിയ. കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ സുവാരസിന് 4 മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്ന് ബാഴ്‌സലോണ ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ബാഴ്‌സലോണ സൂപ്പര്‍ താരം ലൂയിസ് സുവാരസിന് ശസ്ത്രക്രിയ. കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ സുവാരസിന് 4 മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്ന് ബാഴ്‌സലോണ ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ ഈ മാസം 25ന് നടക്കുന്ന കോപ്പാ ഡെല്‍ റേ ഫൈനലും സുവാരസിന് നഷ്ടമാകുമെന്ന് ഉറപ്പായി. സ്പാനിഷ് ലീഗ് സീസണില്‍ ഗെറ്റാഫെക്കും ഐബറിനും എതിരായ മത്സരങ്ങളിലും സുവാരസ് കളിക്കില്ല.
ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ സെമിയില്‍ ഗോളവസരങ്ങള്‍ നഷ്ടമാക്കിയതിന് പിന്നാലെയാണ് സുവാരസ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. അതേസമയം അടുത്ത മാസം 26ന് തുടങ്ങുന്ന കോപ്പാ അമേരിക്കയില്‍ ഉറുഗ്വേ താരം കളിക്കുമോയെന്നും സംശയമുണ്ട്. സീസണില്‍ ബാഴ്‌സലോണയ്ക്കായി സുവാരസ് 25 ഗോള്‍ നേടിയിട്ടുണ്ട്.
