ബാഴ്‌സലോണ: പുതുവര്‍ഷത്തില്‍ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിട്ട് യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ ലിയോണല്‍ മെസിയും. ആകെ ഗോള്‍ നേട്ടത്തില്‍ ഇതിഹാസതാരം പെലെയുടെ 757 ഗോളെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. ക്ലബ്ബിനും രാജ്യത്തിനുമായി റൊണാള്‍ഡോയ്ക്ക് 758 ഗോളായി. ഇക്കഴിഞ്ഞ രാത്രി ഉഡിനീസിനെതിരായ മത്സരത്തിലായിരുന്നു നേട്ടത്തിലെത്തിയത്. യുവന്റസ് 4-1ന് ജയിച്ച മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടി. 

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളെന്ന പെലെയുടെ റെക്കോര്‍ഡ് രണ്ടാഴ്ച മുന്പ് മെസി മറികടന്നിരുന്നു. ബാഴ്‌സക്കായി 644 ഗോളുകളാണ് നേടിയത്. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനായി പെലെ നേടിയ 643 ഗോളായിരുന്നു മെസി മറികടന്നത്. ഇന്നലെ ഹ്യൂയെസ്‌കയ്‌ക്കെതിരായ മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി മെസി സ്വന്തമാക്കി. കരിയറില്‍ 300 അസിസ്റ്റുകളായി മെസിയുടെ അക്കൗണ്ടില്‍. 

ഇതില്‍ 260 അസിസ്റ്റുകള്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി 40 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ ഹ്യൂയെസ്‌കയ്‌ക്കെതിരെ ഒരു അസിസ്റ്റ് നേടിയതോടെയാണ് മെസി നാഴികക്കല്ല് പിന്നിട്ടത്. ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. ഫ്രാങ്ക് ഡിയോങ് ആണ് ബാഴ്‌സയുടെ രക്ഷകനായത്. ജയത്തോടെ ബാഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.