മാഡ്രിഡ്: സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ ഒരുവട്ടം കൂടി മാന്ത്രികന്‍ ലിയോണല്‍ മെസി രക്ഷയ്‍ക്കെത്തിയപ്പോള്‍ ബാഴ്സലോണയ്ക്ക് വിജയം. സ്പാനിഷ് ലീഗില്‍ കരുത്തരായ അത്‍ലറ്റിക്കോ മാഡ്രിഡിനെയാണ് അവരുടെ തട്ടകത്തില്‍ ബാഴ്സ എതിരില്ലാത്ത ഒരു ഗോളിന് പിടിച്ചുകെട്ടിയത്.

86-ാം മിനിറ്റിലാണ് മെസി ബാഴ്സയ്ക്കായി വിജയഗോള്‍ സ്വന്തമാക്കിയത്. ബോള്‍ പൊസിഷനിലും ഷോട്ട് ഉതിര്‍ക്കുന്നതിലും പാസുകള്‍ നല്‍കുന്നതിലുമെല്ലാം ബാഴ്സ മികച്ച് നിന്നെങ്കിലും ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും കറ്റാലന്‍ പടയുടെ രക്ഷകനായി അര്‍ജന്‍റീനയുടെ മിശിഹാ അവതരിച്ചത്.

മികച്ച നീക്കത്തിനൊടുവില്‍ സുവാരസിന് പാസ് നല്‍കിയ മെസി അത് ബോക്സിന് പുറത്ത് വച്ച് തന്നെ തിരികെ വാങ്ങി. തുടര്‍ന്ന് പായിച്ച ഷോട്ടിന് മുന്നില്‍ അത് വരെ ഉറച്ച് നിന്ന ഒബ്ലാക്കിന് മറുപടിയില്ലാതെ പോയി.  വിജയത്തോടെ  14 കളിയിൽ 31 പോയിന്‍റുള്ള ബാഴ്സ മികച്ച ഗോൾ ശരാശരിയോടെയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാമതുള്ള റയൽ മാഡ്രിഡിനും 14 കളിയിൽ 31 പോയിന്‍റുണ്ട്.