ബാഴ്‌സോലണ: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം. ലെവാന്റയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ ജയിച്ചത്. ലിയോണല്‍ മെസിയുടെ വകയായിരുന്നു ഗോള്‍. ഇതോടെ ടീം എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. എട്ട് മത്സരങ്ങളില്‍ 17 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.

76ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. ഡി യോങ്ങിന്റെ പാസില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. പന്തടക്കത്തില്‍ മുന്നിലായിരുന്നിട്ടും 13 തവണ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തിട്ടും ബാഴ്‌സ വലകുലുക്കാന്‍ പാടുപെട്ടു. മറ്റുമത്സരത്തില്‍ ഗ്രാനഡ എതിരില്ലാത്ത ഒരു ഗോളിന് എല്‍ഷയെ തോല്‍പ്പിച്ചു. റയല്‍ ബെറ്റിസ്- വിയ്യറയല്‍ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലി എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സനലിനെ അട്ടിമറിച്ചു. ഔബയാങ്ങിന്റെ സെല്‍ഫ് ഗോളാണ് ആഴ്‌സനലിന് വിനയായത്. ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈറ്റണെ തോല്‍പ്പിച്ചു. ജയിംസ് മാഡിന്‍സണ്‍, ജാമി വാര്‍ഡി എന്നിവരാണ് ഗോളുകള്‍ നേടിയത്. 

സീരി എയില്‍ മിലാന് സമനില

ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍- പാര്‍മ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. അതേസമയം യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് ജെനോവെ തകര്‍ത്തു. യുവന്റസ് ജേഴ്‌സിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നൂറാം മത്സരമായിരുന്നിത്. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ താരം രണ്ട് ഗോള്‍ നേടുകയും ചെയ്തു. പൗളോ ഡിബാലയാണ് മറ്റൊരു ഗോള്‍ നേടിയത്.