ബാഴ്‌സലോണ: ബാഴ്‌സലോണ ടീം മാനേജ്മെന്റും കളിക്കാരും തമ്മിലുള്ള പോര് മുറുകുന്നു. മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ക്യാപ്റ്റന്‍ ലിയോണല്‍ മെസി രംഗത്തെത്തി. അസാധാരാണ സംഭവങ്ങളാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നടക്കുന്നത്. 

സീസണിനിടെ അപ്രതീക്ഷിതമായി കോച്ച് ഏണസ്റ്റോ വെല്‍വെര്‍ദേയെ പുറത്താക്കിയിട്ടും ബാഴ്‌സലോണയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. വെല്‍വെര്‍ദേയുടെ കീഴില്‍ ചിലതാരങ്ങള്‍ മുഴുവന്‍ മികവും പുറത്തെടുത്തില്ല എന്നായിരുന്നു അബിദാലിന്റെ ആരോപണം. ഇതിനാണ് ലിയോണല്‍ മെസി പരസ്യമായി മറുപടി നല്‍കിയിരിക്കുന്നത്. 

മെസി പറഞ്ഞതിങ്ങനെ... ''ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ തീരുമാനങ്ങള്‍ക്ക് ഉത്തരവാദി ആയിരിക്കണം. ഗ്രൗണ്ടിലെ കാര്യങ്ങള്‍ക്ക് കളിക്കാരാണ് ഉത്തരവാദികള്‍. കളിക്കാര്‍ ഇത് സമ്മതിക്കാറുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അവരവരുടെ ചുമതലകള്‍ മറക്കരുത്. 

കളിക്കാരെ പരാമര്‍ശിക്കുമ്പോള്‍ അവരുടെ പേര് പറയണം. ഇല്ലെങ്കില്‍ ഇത് അനാവശ്യ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കും.'' മെസി പറഞ്ഞുനിര്‍ത്തി. ആദ്യമായാണ് മെസി ടീം മാനേജ്‌മെന്റിനെതിരെ നിലപാട് സ്വീകരിക്കുന്നത്. മറ്റുതാരങ്ങളും മെസിയെപ്പോലെ പരസ്യമായി രംഗത്തെത്തിയാല്‍ കടുത്ത പ്രതിസന്ധിയാവും ബാഴ്‌സലോണ നേരിടുക.