ബാഴ്സലോണ: മുന്‍ താരം റൊണാള്‍ഡ് കോമാനെ ടീമിന്റെ മുഖ്യ പരിശീലകനായി ബാഴ്സലോണ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ കോച്ച് ആയിരുന്ന ക്വിക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കിയിരുന്നു. നെതര്‍ലന്‍ഡ്സ് ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്നാണ് കോമാന്‍ ബാഴ്സയുടെ പരിശീലകനായി എത്തുന്നത്.

ബാഴ്സയുടെ മുന്‍ താരം കൂടിയായ 57കാരനാ കോമാന് പരിശീലകവേഷത്തില്‍ 20 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഡച്ച് ലീഗിലും കോമാന്‍ പരിശീലകനായിരുന്നിട്ടുണ്ട്. 1989 മുതല്‍ 1995വരെ ബാഴ്സയുടെ കളിക്കാരനായിരുന്ന കോമാന്‍ ബാഴ്സയുടെ നാല് ലീഗ് കിരീട നേട്ടങ്ങളിലും യൂറോപ്യന്‍ കപ്പ് നേട്ടത്തിലും പങ്കാളിയായി. വെംബ്ലിയില്‍ നടന്ന യൂറോപ്യന്‍ കപ്പ് ഫൈനലില്‍ സാംപോര്‍ദിയക്കെതിരെ ബാഴ്സയുടെ വിജയ ഗോള്‍ നേടിയത് കോമാനായിരുന്നു.

ഈ വര്‍ഷം ബാഴ്സയുടെ പരിശീലകസ്ഥാനത്ത് എത്തുന്ന മൂന്നാമത്തെയാളാണ് കോമാന്‍. ജനുവരിയില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിട്ടും പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയെ ബാഴ്സ പുറത്താക്കിയിരുന്നു. വാല്‍വെര്‍ദെക്ക് പകരമെത്തി മുന്‍ റയല്‍ ബെറ്റിസ് പരിശീലകന്‍ ക്വിക്കെ സെറ്റിയനെ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പുറത്താക്കി.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് 8-2ന് തോറ്റശേഷമാണ് ബാഴ്സയില്‍ പൊട്ടിത്തെറി തുടങ്ങിയത്. മെസിയുമായി കടുത്ത അഭിപ്രായ ഭിന്നതകളുണ്ടായിരുന്ന ടീമിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന എറിക് ആബിദാലിനെയും ബാഴ്സ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

കൊവിഡ് ഇടവേളക്ക് ശേഷം ലാ ലിഗ പുനരാരംഭിച്ചപ്പോള്‍ രണ്ട് പോയന്റ് ലീഡുമായി ബാഴ്സ റയലിന് മുന്നില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി സമനിലകള്‍ വഴങ്ങി ലാ ലിഗ കിരീടം ബാഴ്സ റയലിന് മുന്നില്‍ അടിയറവെച്ചു. ഇതിന് പിന്നാലെയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ നാണംകെട്ട തോല്‍വി. ടീം അടിമുടി ഉടച്ചുവാര്‍ക്കാതെ ക്ലബ്ബിന് മുന്നോട്ട് പോവാനാവില്ലെന്ന് മെസിയടക്കമുള്ള താരങ്ങള്‍ പ്രതികരിച്ചിരുന്നു.