ഫെറാന്‍ ടോറസ് (Ferran Torres) രണ്ട് ഗോള്‍ നേടി. ഒബമയാങ്, റിക്വി പ്യൂഗ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. 27 കളിയില്‍ 51 പോയിന്റുമായി ബാഴ്‌സ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 

ബാഴ്‌സലോണ: ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് (Barcelona) തുടര്‍ച്ചയായ നാലാം ജയം. ഒസാസുനയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ഫെറാന്‍ ടോറസ് (Ferran Torres) രണ്ട് ഗോള്‍ നേടി. ഒബമയാങ്, റിക്വി പ്യൂഗ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. 27 കളിയില്‍ 51 പോയിന്റുമായി ബാഴ്‌സ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 

സിറ്റി ഇന്നിറങ്ങും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ഇരുപത്തിയൊന്‍പതാം റൌണ്ട് മത്സരത്തിനിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍. 28 കളിയില്‍ 69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്ന് പോയിന്റ് ലീഡാണ് സിറ്റിക്കുള്ളത്. 33 പോയിന്റുള്ള ക്രിസ്റ്റല്‍ പാലസ് പതിനൊന്നാം സ്ഥാനത്താണ്.

ചെല്‍സിക്കും ആഴ്‌സനലിനും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിലെ തോല്‍പിച്ചു. കളിതീരാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ കായ് ഹാവര്‍ട്‌സാണ് നിര്‍ണായക ഗോള്‍ നേടിയത്. 28 കളിയില്‍ 59 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി. അതേസമയം ആഴ്‌സണലിന്റെ ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. പതിനൊന്നാം മിനിറ്റില്‍ തോമസ് പാര്‍ട്ടിയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ അലസാന്ദ്രേ ലകാസറ്റെ രണ്ടാം ഗോള്‍ നേടി. 26 കളിയില്‍ 51 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ആഴ്‌സണല്‍.

പിഎസ്ജി വിജയവഴിയില്‍

ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തി. ഫ്രഞ്ച് ലീഗ് വണ്ണില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബോര്‍ഡോയെ തോല്‍പിച്ചു. കിലിയന്‍ എംബാപ്പേ, നെയ്മര്‍, ലിയാന്‍ഡ്രോ പരേഡസ് എന്നിവരുടെ ഗോളുകള്‍ക്കാണ് പി എസ് ജിയുടെ ജയം. ഇരുപത്തിനാലാം മിനിറ്റിലാണ് എംബാപ്പേ സ്‌കോറിംഗിന് തുടക്കമിട്ടത്. നെയ്മര്‍ (52) പരേഡസ് (61) പിഎസ്ജിയുടെ ഗോള്‍പട്ടിക തികച്ചു.