ബാഴ്സലോണ: പരിശീലകന്‍ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കാന്‍ ബാഴ്സലോണ ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാൽവെർദെയ്ക്ക് പകരം ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോയെ പരിശീലകനാക്കാനാണ് ബാഴ്സ തീരുമാനമെന്നും കറ്റലോണിയ റേഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ഇപ്പോള്‍ തയാറല്ലെന്ന് സാവി അറിയിച്ചതിനെത്തുടര്‍ന്നാണിത്. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് വാൽവെർദെയെ പുറത്താക്കാന്‍ ബാഴ്സ തീരുമാനിച്ചത്. ലാ ലിഗ പോയിന്റ് പട്ടികയിൽ 19 കളിയിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ.

നേരത്തെ ബാഴ്സ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് ആബിദാലും ഖത്തര്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനായ സാവിയും തമ്മില്‍ ഖത്തറില്‍വെച്ച് ചര്‍ച്ച നടത്തിയത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സീസണൊടുവില്‍ മാത്രമെ ചുമതലയേറ്റെടുക്കാനാവു എന്ന് സാവി വ്യക്തമാക്കിയതോടെയാണ് പോച്ചെറ്റിനോയെ പരിശീലകനാക്കാന്‍ ബാഴ്സ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

സ്പാനിഷ് ലീഗ് ടീമായ എസ്പാന്യോളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരിക്കലും ബാഴ്സയുടെ പരിശീലകനാവില്ലെന്ന് 2018ല്‍ പരസ്യമായി പ്രഖ്യാപിച്ച പോച്ചെറ്റിനോ ഇപ്പോള്‍ നിലപാട് മാറ്റുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.