ദോഹ: ബാഴ്സലോണയുടെയും സ്പെയിനിന്റെയും ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസിന് കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. സാവിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബായ അൽ-സദ്ദ്​ ആണ് പുറത്തുവിട്ടത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാവി ഐസൊലേഷനില്‍ പോവുമെന്നും ശനിയാഴ്ച നടക്കുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അൽ ഖോറിനെതിരായ മത്സരത്തിൽ ടീമിനൊപ്പം സാവി​ ഉണ്ടാവില്ലെന്നും ക്ലബ്ബ് അറിയിച്ചു.

ഇപ്പോൾ തനിക്ക്​ കുഴപ്പമൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനായ ശേഷം ദൈനംദിന കാര്യങ്ങളിലേക്ക്​ പൂർവാധികം ശക്തിയോടെ മടങ്ങിയെത്തുമെന്നും​ ഐസൊലേഷനിൽ കഴിയുന്ന സാവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

വരുന്ന സീസണില്‍ ബാഴ്സയുടെ പരിശീലകനായി എത്തുമെന്ന് കരുതിയ സാവി ഈ മാസം അഞ്ചിനാണ് ഖത്തര്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയത്. സാവിയുടെ അഭാവത്തില്‍ സഹപരിശീലകനായ ഡേവിഡ് പ്രാറ്റ്സ് ക്ലബ്ബിന്റെ പരിശീലനച്ചുമതല വഹിക്കും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ച ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്. അഞ്ച് റൗണ്ട് മത്സരങ്ങള്‍ അവേശേഷിക്കുന്ന ലീഗില്‍ നിലവില്‍ അല്‍-സാദ് മൂന്നാം സ്ഥാനത്താണ്.

1998 മുതൽ 2015 വരെ ബാഴ്സക്കായി പന്തുതട്ടിയ ശേഷമാണ്​ സാവി ഖത്തറിലേക്ക്​ കൂടുമാറിയത്​. 2015 മുതൽ 2019 വരെ അൽ-സദിനായി 82മത്സരങ്ങളിൽ ജഴ്​സിയണിഞ്ഞ ശേഷമാണ് സാവി പരിശീലക കുപ്പായമണിഞ്ഞത്.  ഖത്തറിൽ ഇതുവരെ1,09, 638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.