ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചിനോടേറ്റ കനത്ത തോല്‍വിക്ക് ശേഷമാണ് റൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീലകനാകുന്നത്. ക്ലബിനെ ഉറച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ നിയമിക്കുന്നത്. ടീമിലെ പലര്‍ക്കും സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിരുന്നു. സാമുവല്‍ ഉംറ്റിറ്റി, ഇവാന്‍ റാകിടിച്ച്, ലൂയിസ് സുവാരസ്, അര്‍തുറോ വിദാല്‍ എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. തന്റെ പദ്ധതികളില്‍ ഈ താരങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കോമാന്‍ തുറന്നുപറയുകയും ചെയ്തു.

ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം പുറത്തുപോകുന്ന താരമായിരിക്കുകയാണ് റാകിടിച്ച്. തന്റെ പഴയ ക്ലബായ സെവിയ്യയിലേക്കാണ് ക്രൊയേഷ്യന്‍ താരം മടങ്ങിയത്. മധ്യനിര താരമായ റാകിട്ടിച്ച് മൂന്ന്‌ വര്‍ഷത്തെ കരാറിലാണ് ക്ലബുവായി ഒപ്പുവച്ചത്. എവര്‍ ബനേഗ ക്ലബ് വിട്ടതിന്റെ ക്ഷീണത്തിലായിരുന്നു സെവിയ്യ. എന്നാല്‍ പരിചയസമ്പന്നനായ മുന്‍താരത്തിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാത്രമല്ല ഇത്തവണ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയ ടീം കൂടിയാണ് സെവിയ്യ. 

ഫ്രീ ട്രാന്‍സ്ഫറിലാണ് റാകിടിച്ച് സെവിയ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി താരത്തിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ട് റാകിടിച്ച് ക്ലബ് വിടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അവസാന ആര് സീസണുകളിലായി ബാഴ്‌സലോണയിലെ പ്രധാന താരമായിരുന്നു റാകിടിച്ച്. ഇത്രയും വര്‍ഷത്തിനിടെ നാല് വീതം ലാ ലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ റാക്കി ബാഴ്‌സ ജേഴ്‌സിയില്‍ സ്വന്തമാക്കി. ഒരു ചാംപ്യന്‍സ് ലീഗ് നേട്ടത്തിലും ഒരു ക്ലബ് വേള്‍ഡ് കപ്പില്‍ റാകിടിച്ചിന്റെ കാലുകളുണ്ടായിരുന്നു. 2011-14 വരെയാണ് റാകിടിച്ച് സെവിയ്യക്ക് വേണ്ടി കളിച്ചത്.