ബാഴ്‌സലോണ: താരകൈമാറ്റങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് ബാഴ്‌സലോണ. ആര്‍തര്‍ മെലോ, മിര്‍ലേം പ്യാനിച്ച് എന്നിവരുടെ കൈമാറ്റമാണ് ബാഴ്‌സാലോണ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് പോയ ആര്‍തറിന്റെ പകരക്കാരനായിട്ടാണ് പ്യാനിച്ച് ബാഴ്‌സയിലെത്തുന്നത്. യുവന്റസിന്റെ മധ്യനിരതാരമായിരുന്ന പ്യാനിച്ച് ബോസ്‌നിയ ഹെര്‍സെഗോവിനയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

ഏകദേശം 65 മില്യണ്‍ യൂറോ നല്‍കിയാണ് ബാഴ്സലോണ താരത്തെ സ്വന്തമാക്കിയത്. നാല് വര്‍ഷത്തേക്കാണ് താരവുമായിട്ടുള്ള കരാര്‍. സീരി എ കഴിയുന്നത് വരെ താരം യുവന്റസില്‍ തുടരും. നാല് വര്‍ഷം മുമ്പ് റോമയില്‍ നിന്നാണ് പ്യാനിച്ചാണ് യുവന്റസിലെത്തിയത്. നാല് വര്‍ഷങ്ങള്‍ക്കിടെ യുവന്റസിനായി 171 മത്സരങ്ങള്‍ കളിച്ച പ്യാനിച്ച് 22 ഗോളുകളും നേടി.

ആര്‍തറിന്റെ കൂടുമാറ്റം നേരത്തെ ബാഴ്‌സലോണ സ്ഥിരികരിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ കരാറിലാണ് അര്‍തര്‍ യുവന്റസിലെത്തുന്നത്. ഏകദേശം 72 മില്യണ്‍ യൂറോയ്ക്കാണ് താരം യുവന്റസിലെത്തിയത്. ലാ ലിഗ സീസണ്‍ അവസാനിക്കുന്നത് വരെ താരം ബാഴ്‌സലോണയില്‍ തുടരും.

പുലര്‍ച്ചെ നടക്കുന്ന അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനുള്ള ബാഴ്സലോണ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018ലാണ് ബ്രസീലിയന്‍ താരം ബാഴ്‌സലോണയിലെത്തുന്നത്.