ബാഴ്സലോണ: പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അ‍‍ർജന്‍റൈൻ താരം ഹവിയർ മഷറാനോയ്ക്ക് ആദരമര്‍പ്പിച്ച് ബാഴ്സലോണ. 2010 മുതല്‍ 2018വരെ ബാഴ്സക്കായി 334 മത്സരങ്ങള്‍ കളിച്ച മഷറാനോ 18 കിരീടങ്ങള്‍ സ്വന്തമാക്കി. ഒമ്പത് വര്‍ഷം നീണ്ട ബാഴ്സ കരിയറില്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറായ മഷറാനോ ഒരേ ഒരു ഗോള്‍ മാത്രമാണ് ടീമിനായി നേടിയത്. അതും പെനല്‍റ്റിയില്‍ നിന്ന്. ഒസാസുനക്കെതിരെ ബാഴ്സ 7-1ന് ജയിച്ച മത്സരത്തിലായിരുന്നു മഷറാനൊ സ്പോട്ട് കിക്കില്‍ നിന്ന് ഗോള്‍ നേടിയത്.

ഈ ഗോളിന്‍റെ വീഡിയോ പങ്കുവെച്ചാണ് ബാഴ്സ തങ്ങളുടെ പ്രിയ താരത്തിന് ആദരമര്‍പ്പിച്ചത്. 334 മത്സരങ്ങള്‍, 18 കിരീടങ്ങള്‍, ഒരേയൊരു ഗോള്‍, മാഷറാനോ ബാഴ്സ ഇതിഹാസം എന്നായിരുന്നു മഷറാനോയുടെ ഗോള്‍ പങ്കുവെച്ച് ബാഴ്സ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഞായറാഴ്ചയാണ് മഷറാനൊ പ്രഫഷണല്‍ ഫുട്ബോളില്‍ നിന്നുള്ള  വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മുപ്പത്തിയാറാം വയസ്സിലാണ് മഷറാനോയുടെ വിരമിക്കൽ പ്രഖ്യാപനം.അര്‍ജന്റീനയ്ക്ക് വേണ്ടി 146 മത്സരങ്ങള്‍ കളിച്ച മഷറാനോ 2004ലും 2008ലും ഒളിംപിക്സ് സ്വർണം നേടിയ അ‍ർജന്‍റൈൻ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിൽ അര്‍ജന്‍റീനയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

റിവർപ്ലേറ്റിലൂടെ ഫുട്ബോളിൽ സജീവമായ മഷറാനോ, ബാഴ്സക്ക് പുറമെ ലിവ‍ർപൂളിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. കരിയറില്‍ വിവിധ ക്ലബുകൾക്കായി 428 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.