ബാഴ്‌സലോണ: ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയ്ന്‍ ഗ്രീസ്മനെ ബാഴ്‌സലോണ ഒഴിവാക്കിയേക്കും. ടീമിലെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് താരത്തെ കൈവിടാന്‍ ബാഴ്‌സ ഒരുങ്ങുന്നത്. 100 ദശലക്ഷം പൗണ്ട് ആണ് ഗ്രീസ്മാന് ബാഴ്‌സയിട്ട വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ബാഴ്‌സയിലെത്തിയ ഗ്രീസ്മന്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നാണ് വിലയിരുത്തല്‍.

ആദ്യ സീസണിലെ 26 ലാ ലിഗ മത്സരങ്ങളില്‍ എട്ട് ഗോള്‍ മാത്രമാണ് താരം നേടിയത്. ശനിയാഴ്ച 29 വയസ്സ് തികഞ്ഞ  ഫ്രഞ്ച് സ്ട്രൈക്കര്‍ക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫഞ്ച് ലീഗ് ക്ലബ്ബുകളാണ് പ്രധാനമായും രംഗത്തെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും പിഎസ്ജിയും ഗ്രീസ്മാനായി സജീവമായി രംഗത്തുവരും. 

പിഎസ്ജിയില്‍ നിന്ന് നെയ്മറെ മടക്കി കൊണ്ടുവരികയും ഇന്റര്‍മിലാനില്‍ നിന്ന് ലാതുറോ മാര്‍ട്ടിനെസിനെ സ്വന്തമാക്കുകയുമാണ് സീസണില്‍ ബാഴ്‌സയുടെ പ്രധാന ലക്ഷ്യം. ഗ്രീസ്മനെ ഒഴിവാക്കുന്നതിലൂടെ കിട്ടുന്ന പണം ഇതിനുപയോഗിക്കാമെന്നാണ് ക്ലബ്ബിന്റെ കണക്കുകൂട്ടല്‍.