ബാഴ്സലോണ: കറ്റാലന്‍ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി വിഖ്യാതമായ ക്യാമ്പ് നൂ സ്റ്റേഡിയത്തിന്റെ പേര് വില്‍ക്കാനൊരുങ്ങി  ബാഴ്സലോണ. കൊവിഡ് 19നെതിരായ പോരാട്ടത്തിന് പണം നല്‍കാനായി ക്യാമ്പ് നൂ സ്റ്റേഡിയത്തിന്റെ ടൈറ്റില്‍ അവകാശം ഒരു വര്‍ഷത്തേക്കാണ് ബാഴ്സലോണ സ്പോണ്‍സര്‍മാര്‍ക്ക് വില്‍ക്കുന്നത്.

സ്റ്റേഡിയത്തിന്റെ ടൈറ്റില്‍ അവകാശം ഒരു വര്‍ഷത്തേക്ക് വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ കൊവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ബാഴ്സലോണ എക്സിക്യൂട്ടീവ് ബോര്‍ഡ് വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ക്യമ്പ് നൂവില്‍ 99000 കാണികളെ ഉള്‍ക്കൊള്ളാനാവും. 1957ല്‍ സ്ഥാപിതമായതുമുതല്‍ ക്യാമ്പ് നൂവിന്റെ പേരിനൊപ്പം സ്പോണ്‍സറുടെ പേരുണ്ടായിട്ടില്ല.

എന്നാല്‍ ഇത്തവണ അത്തരമൊരു അവസരം സ്പോണ്‍സര്‍മാര്‍ക്ക് നല്‍കി ലോകത്തിന് വലിയൊരു സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ബാഴ്സ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡൊണര്‍ പറഞ്ഞു. 2023-2024 സീസണ്‍ മുതല്‍ സ്റ്റേഡ‍ിയത്തിന്റെ പേരിനൊപ്പം സ്പോണ്‍സറുടെ പേരുകൂടി വെക്കാനുള്ള കരാര്‍ 25 വര്‍ഷത്തേക്ക് വില്‍ക്കാനുള്ള ആലോചനയിലായിരുന്നു നേരത്തെ ബാഴ്സ.

Alos Read:ബാഴ്സ വിടുമോ?, റൊണാള്‍ഡീഞ്ഞോയെ രക്ഷിക്കാന്‍ പണം നല്‍കിയോ?; പ്രതികരണവുമായി മെസി

326 മില്യണ്‍ ഡോളറായിരുന്നു ഇതിലൂടെ ക്ലബ്ബ് ലക്ഷ്യമിട്ടിരുന്നത്. സ്റ്റേഡിയം നവീകരണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ഈ തുക നീക്കിവെക്കാനായിരുന്നു ബാഴ്സ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ദീര്‍ഘകാല കരാറിന് താല്‍പര്യമുള്ളവര്‍ക്കും മുന്നോട്ടുവരാമെന്നും എന്നാല്‍ ഈ വര്‍ഷത്തെ ടൈറ്റില്‍ വില്‍പ്പനയുടെ വരുമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും കാര്‍ഡൊണര്‍ പറഞ്ഞു. കൊവിഡ് ബാധിതനായ കാര്‍ഡൊണര്‍ അടുത്തിടെയാണ് രോഗമുക്തി നേടിയത്.