Barcelona superstar Raphinha ruled out of Brazils Round of 16 showdown vs Norway
ന്യൂയോർക്ക്: നോർവേയുമായുള്ള പ്രീ ക്വാർട്ടർ മത്സരത്തിന് മുൻപ് ബ്രസീലിന് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പരിക്കിൽ നിന്നും മോചിതനാവാത്ത സൂപ്പർ താരം റാഫിഞ്ഞ നോർവേയ്‌ക്കെതിരെയും കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹെയ്തിയുമായുള്ള രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ റഫീഞ്ഞ സ്കോട്ലൻഡിനെതിരെയും ജപ്പാനെതിരായ നോക്കൗട്ട് മത്സരത്തിലും കളിച്ചിരുന്നില്ല. റഫീഞ്ഞയ്ക്ക് പകരം പത്തൊന്പതുകാരൻ റയാൻ ആയിരുന്നു രണ്ട മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിരുന്നത്. എന്നാൽ നോർവേയ്‌ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ റഫീഞ്ഞ ഇറങ്ങുമെന്ന് ആരാധകർ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നു.
അതേസമയം ജപ്പാനെതിരായ മത്സരത്തിൽ മധ്യനിരതാരം ലൂക്കാസ് പക്വേറ്റയും പരിക്കേറ്റ് പുറത്തായിരുന്നു. പക്വേറ്റയുടെ പരിക്കും ഭേദമാവാത്തതിനാൽ നോർവേക്കെതിരെ കളിക്കില്ലെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്വേറ്റയ്ക്ക് പകരക്കാരനായി മധ്യനിരയിൽ ഡാനിലോ സാന്റോസിനെ കളിപ്പിക്കാനാണ് സാധ്യത. എന്നാൽ മുന്നേറ്റം കൂടുതൽ ശക്തമാക്കാനായി എൻഡ്രിക്കിനെയോ ഗബ്രിയേൽ മാർട്ടിനെല്ലിയെയോ കളിപ്പിക്കാൻ സാധ്യയുണ്ടെന്നും പറയുന്നു.
ജൂൺ ആറിന് പുലർച്ചെ 1. 30 നാണ് മത്സരം. ജപ്പാനുമായി ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവരവ് നടത്തി മത്സരം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബ്രസീൽ ക്യാംപ്. വിനീഷ്യസിന്റെയും ബ്രൂണോ ഗിമാരെഷിന്റെയും അടക്കം മികച്ച പ്രകടനത്തിലാണ് ബ്രസീലിന്റെ പ്രതീക്ഷകൾ. പരിക്കിൽ നിന്നും മോചിതനായ നെയ്മർ നോർവേയുമായി സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. അതേസമയം ഐവറികോസ്റ്റിനെതിരെ മികച്ച വിജയം കരസ്ഥമാക്കിയ ആത്മവിശ്വാത്തിലാണ് നോർവേ എത്തുന്നത്. മുന്നേറ്റത്തിലെ നോർവെയുടെ പ്രധാന ആയുധം ഹാളണ്ട് തന്നെയാണ്. മധ്യനിരയിൽ തന്ത്രങ്ങൾ മെനയാൻ ക്യാപ്റ്റൻ ഒഡേഗാർഡും സജീവമാണ്.


