ബാഴ്‌സ മൈതാനമായ നൗ കാമ്പിലാണ് രണ്ടാം പാദം. സീസണില്‍ നേരത്തെ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ റൊണാള്‍ഡോ കൊവിഡ് ബാധിതന്‍ ആയിരുന്നതിനാല്‍ കളിച്ചിരുന്നില്ല.

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരം നാളെ തുടങ്ങും. ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടത്തിന്റെ കൗണ്ട് ഡൗണിലാണ് ആരാധകര്‍. മെസി്‌യുടെ ബാഴ്‌സലോണയും ക്രിസ്റ്റ്യാനോയുടെ യുവന്റസും തമ്മില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ് നേര്‍ക്കുനേര്‍ വരിക. 

ബാഴ്‌സ മൈതാനമായ നൗ കാമ്പിലാണ് രണ്ടാം പാദം. സീസണില്‍ നേരത്തെ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ റൊണാള്‍ഡോ കൊവിഡ് ബാധിതന്‍ ആയിരുന്നതിനാല്‍ കളിച്ചിരുന്നില്ല. ആദ്യപാദത്തില്‍ ബാഴ്‌സ മറുപടിയില്ലാത്ത രണ്ട് ഗോളിന് യുവന്റസിനെ തോല്‍പ്പിച്ചിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹോം ഗോളുകളെന്ന മെസിയുടെ റെക്കോര്‍ഡ് കഴിഞ്ഞയാഴ്ച ആണ് റൊണാള്‍ഡോ തകര്‍ത്തത്. 

ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ഇത് 36ാം തവണയാണ്. മെസ്സിയുടെ ടീം പതിനാറും റൊണാള്‍ഡോയുടെ ടീം പത്തും മത്സരത്തില്‍ വീതം ജയിച്ചിട്ടുണ്ട്. ഇരുവരും പങ്കാളികളായ മത്സരങ്ങളില്‍ മെസ്സി 22ഉം റൊണാള്‍ഡോ 19ഉം ഗോള്‍ വീതം നേടി. എന്നാല്‍ 2010-11 സീസണിന് ശേഷം ആദ്യമായാണ് യൂറോപ്യന്‍ പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.