പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ പോരാട്ടം. ബാഴ്‌സലോണ മൂന്ന് ഗോള്‍ കടവുമായി പിഎസ്ജിയെ നേരിടും. ലിവര്‍പൂളിന് ജര്‍മ്മന്‍ ക്ലബ് ലെപ്‌സിഗാണ് എതിരാളികള്‍. പുലര്‍ച്ചെ 1.30നാണ് മത്സരം. രണ്ടാംപാദത്തില്‍ പിഎസ്ജിയുടെ മൈതാനത്തിറങ്ങുമ്പോള്‍  കിലിയന്‍ എംബാപ്പേയുടെ ഈ ഹാട്രിക്കിന് മറുപടി നല്‍കിയാലേ ബാഴ്‌സലോണയ്ക്ക് പ്രതീക്ഷയുള്ളൂ. കാംപ് നൗവില്‍ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു പി എസ്ജിയുടെ ജയം. പരിക്കുമൂലം ആദ്യപാദത്തില്‍ കളിക്കാതിരുന്ന നെയ്മര്‍ ജൂനിയര്‍ ഇന്നും കളിക്കില്ലെന്നത് മാത്രമാണ് ബാഴ്‌സലോണയ്ക്ക ആശ്വാസം. 

കിംഗ്‌സ് കപ്പില്‍ കഴിഞ്ഞയാഴ്ച സെവിയക്കെതിരെ രണ്ടാംപാദത്തില്‍ തിരിച്ചുവന്ന പ്രകടനം പിഎസ്ജിക്കെതിരെയും മെസ്സിയും സംഘവും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ ആരാധകര്‍. എന്നാല്‍ സെവിയ അല്ല, മികച്ച താരങ്ങളുള്ള പിഎസ്ജിയെന്ന് ബാഴ്‌സ കോച്ച് റൊണാള്‍ഡ് കൂമാന്‍ ഓര്‍മിപ്പിക്കുന്നു. യുവാന്‍ ലപ്പോര്‍ട്ട പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബാഴ്‌സലോണയുടെ ആദ്യമത്സരംകൂടിയാണിത്. 

നെയ്മറില്ലെങ്കിലും ആദ്യപാദത്തിലെ ലീഡ് നിലനിത്താനുള്ള തന്ത്രങ്ങളെല്ലാം സജ്ജമെന്ന് പിഎസ്ജി കോച്ച് മൗറീസിയോ പൊച്ചെറ്റീനോ. എംബാപ്പേ, ഇക്കാര്‍ഡി, വെരാറ്റി, എന്നിവര്‍ക്കൊപ്പം ഡി മരിയ പരിക്കുമാറിയെത്തുന്നത് പിഎസ്ജിയുടെ കരുത്തുകൂട്ടും. 2017ല്‍ ഇരുടീമും ചാന്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ പിഎസ്ജി ആദ്യപാദത്തില്‍ നാല് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ ആറ് ഗോള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ പിഎസ്ജിക്ക് പുറത്തേക്കുള്ള വഴിതുറന്നത്. 

ആര്‍ ബി ലെപ്‌സിഗിനെതിരെ രണ്ട് ഗോള്‍ ലീഡുമായാണ് ലിവര്‍പൂള്‍ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. മുഹമ്മദ് സലായും സാദിയോ മാനേയുമായിരുന്നു ആദ്യപാദത്തിലെ സ്‌കോറര്‍മാര്‍. പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുന്ന ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗിലാണ് ഇനിയുള്ള പ്രതീക്ഷ.