Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണ- പിഎസ്‍ജി ഇന്ന് നേര്‍ക്കുനേര്‍; ലിവര്‍പൂളും ഇന്നിറങ്ങും

ലിയോണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ പോരാട്ടത്തിന് കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശനല്‍കിയാണ് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. 

 

Barcelona takes PSG today in champions league
Author
Barcelona, First Published Feb 16, 2021, 10:05 AM IST

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ബാഴ്‌സലോണ ഇന്ന് പിഎസ്ജിയെയും ലിവര്‍പൂള്‍ ജര്‍മന്‍ ക്ലബ് ലിപ്‌സിഗിനേയും നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് തുടങ്ങുക.
ലിയോണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ പോരാട്ടത്തിന് കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശനല്‍കിയാണ് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. 

പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാവും പിഎസ്ജി ഇന്ന് ബാഴ്‌സലോണയെ നേരിടുക. നെയ്മറിനൊപ്പം ഏഞ്ചല്‍ ഡി മരിയയും യുവാന്‍ ബെര്‍ണാറ്റും പിഎസ്ജി നിരയിലുണ്ടാവില്ല. മാര്‍ക്കോ വെരാറ്റിയും റഫീഞ്ഞയും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തരാവാത്തതും ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവില്‍ ഇറങ്ങുമ്പോള്‍ പിഎസ്ജി കോച്ച് മൗറീസിയോ പൊച്ചെറ്റീനോയുടെ ആശങ്ക കൂട്ടും. പാരിസ് ക്ലബിനെ രക്ഷിക്കാന്‍ കിലിയന്‍ എംബാപ്പേയും മൗറോ ഇക്കാര്‍ഡിയും കൂടുതല്‍ അധ്വാനിക്കേണ്ടിവരും. 

നായകന്‍ മെസിയുടെ ബൂട്ടുകളെതന്നെയാവും ബാഴ്‌സലോണ ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുക. മെസിക്കൊപ്പം അന്റോയ്ന്‍ ഗ്രീസ്മാനും ഫ്രങ്കി ഡി ജോംഗും ഫോമിലേക്കെത്തിയത് ബാഴ്‌സലോണയ്ക്ക് ആശ്വാസമാണ്. ഇരുടീമും 11 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബാഴ്‌സ അഞ്ചിലും പി എസ് ജി മൂന്നിലും ജയിച്ചു. ചാംപ്യന്‍സ് ലീഗില്‍ അവസാനം ഏറ്റുമുട്ടിയ മൂന്ന് തവണയും പി എസ് ജിയുടെ വഴിയടച്ചുവെന്നതും മെസിക്കും സംഘത്തിനും ആത്മവിശ്വാസമേകും. 

പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ലിവര്‍പൂളിന് ജര്‍മ്മന്‍ കരുത്തുമായെത്തുന്ന ലിപ്‌സിഗിനേയും മറികടക്കുക എളുപ്പമാവില്ല. ഫസ്റ്റ് ടീമിലെ പത്തോളം താരങ്ങള്‍ പരിക്കേറ്റ് പുറത്തായതാണ് ലിവര്‍പൂളിന് തിരിച്ചടിയാവുന്നത്. മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനേ ത്രയം ഫോമിലേക്കുയര്‍ന്നാല്‍ ജര്‍മ്മന്‍ വെല്ലുവിളി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. 

പടിപടിയായി ഉയര്‍ന്നുവരുന്ന ലിപ്‌സിഗ് കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെയെത്തി. ചാംപ്യന്‍സ് ലീഗില്‍ ഇരുവരും ഏറ്റുമുട്ടുന്നത് ആദ്യമാണ്.

Follow Us:
Download App:
  • android
  • ios