Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വെസ്റ്റ്ഹാമിനെതിരെ;  ലാ ലിഗയില്‍ ബാഴ്‌സ- സെവിയ്യ പോര്

വെസ്റ്റ് ഹാമിന് 45 പോയിന്റാണുള്ളത്. മറ്റ് മത്സരങ്ങളില്‍ ലീഡ്‌സ് യുണൈറ്റഡ്, ആസ്റ്റണ്‍ വില്ലയെയും ന്യൂകാസില്‍ യുണൈറ്റഡ്, വോള്‍വ്‌സിനെയും നേരിടും.

Barcelona takes Sevill today in La Liga
Author
London, First Published Feb 27, 2021, 4:00 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജൈത്രയാത്ര തുടരാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. നാലാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമാണ് സിറ്റിയുടെ എതിരാളികള്‍. വൈകിട്ട് ആറിന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 25 കളിയില്‍ 59 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്. വെസ്റ്റ് ഹാമിന് 45 പോയിന്റാണുള്ളത്. മറ്റ് മത്സരങ്ങളില്‍ ലീഡ്‌സ് യുണൈറ്റഡ്, ആസ്റ്റണ്‍ വില്ലയെയും ന്യൂകാസില്‍ യുണൈറ്റഡ്, വോള്‍വ്‌സിനെയും നേരിടും. നാളെ രാത്രി പത്തിനാണ് ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ പോരാട്ടം. ആഴ്‌സണല്‍, ലിവര്‍പൂള്‍, എവര്‍ട്ടന്‍ എന്നിവര്‍ക്കും നാളെ മത്സരമുണ്ട്. വെസ്റ്റ് ബ്രോം, ബ്രൈറ്റണെയും 

ബാഴ്‌സ- സെവിയ്യ

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് സെവിയയെ നേരിടും. രാത്രി എട്ടേ മുക്കാലിന് സെവിയയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 24 കളിയില്‍ 50 പോയിന്റുള്ള ബാഴ്‌സലോണ മൂന്നും 23 കളിയില്‍ 48 പോയിന്റുള്ള സെവിയ നാലും സ്ഥാനങ്ങളിലാണ്. 23 കളിയില്‍ 55 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സിയുടെ പ്രകടനം തന്നെയാവും ബാഴ്‌സലോണ നിരയില്‍ നിര്‍ണായകമാവുക. അവസാന മത്സരത്തില്‍ എല്‍ചെയ്‌ക്കെതിരെ മെസ്സി രണ്ട് ഗോള്‍ നേടിയിരുന്നു. മെസ്സിക്കൊപ്പം, ഒസ്മാന്‍ ഡെംബലേ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ് എന്നിവര്‍ മുന്നേറ്റ നിരയില്‍ എത്താനാണ് സാധ്യത. മധ്യനിരയില്‍ നിറം മങ്ങിയ മിറാലം പ്യാനിച്ചിന് പകരം സെര്‍ജിയോ ബുസ്‌കറ്റ്‌സ് ടീമിലെത്തിയേക്കും. 

യുവന്റസ് വെറോണയ്‌ക്കെതിരെ

ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനും ഇന്ന് മത്സരമുണ്ട്. വെറോണയാണ് എതിരാളികള്‍. രാത്രി ഒന്നേകാലിന് വെറോണയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം. 22 കളിയില്‍ 45 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ നിലവിലെ ചാന്പ്യന്‍മാരായ യുവന്റസ്. 34 പോയിന്റുള്ള വെറോണ ഒന്‍പതാം സ്ഥാനത്താണ്. പരിക്കേറ്റ കെല്ലിനി, ബൊനൂച്ചി, ക്വാഡ്രാഡോ, ഡിബാല, മൊരാട്ട എന്നിവരും സസ്‌പെന്‍ഷനിലായ ഡാനിലോയും യുവന്റസ് നിരയിലുണ്ടാവില്ല. റൊണാള്‍ഡോയ്‌ക്കൊപ്പം മുന്നേറ്റനിരയില്‍ കുളുസെവ്‌സ്‌കിയാവും എത്തുക.

പിഎസ്ജി ഇന്നിറങ്ങുന്നു

ഫ്രഞ്ച് ലീഗില്‍ പി എസ് ജി ഇന്ന് ഡിജോണിനെ നേരിടും. രാത്രി ഒന്‍പതരയ്ക്ക് ഡിജോണിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം. 26 കളിയില്‍ 54 പോയിന്റുള്ള നിലവിലെ ചാന്പ്യന്‍മാരായ പി എസ് ജി മൂന്നാം സ്ഥാനത്താണിപ്പോള്‍. സീസണില്‍ രണ്ട് ജയം മാത്രമുള്ള ഡിജോണ്‍ പതിനഞ്ച് പോയിന്റുമായി ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. പരിക്കേറ്റ നെയ്മര്‍, ഏഞ്ചല്‍ ഡി മരിയ, യുവാന്‍ ബെര്‍ണറ്റ് എന്നിവര്‍ കളിക്കുമോയെന്ന് ഉറപ്പില്ല. ഇരുടീമും ഏറ്റുമുട്ടിയ പതിനഞ്ച് കളിയില്‍ പതിമൂന്നിലും പി എസ് ജിക്കായിരുന്നു ജയം. മോയിസ് കീന്‍, കിലിയന്‍ എംബാപ്പേ, മൗറോ ഇക്കാര്‍ഡി എന്നിവര്‍ മുന്നേറ്റ നിരയില്‍ എത്താനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios