ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ നോക്കൗട്ട് റൗണ്ടിൽ കടന്നു. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനും ചെൽസിക്കും നോക്കൗണ്ട് റൗണ്ട് ഉറപ്പിക്കാൻ കാത്തിരിക്കണം.

ബൊറൂസ്യ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സയുടെ മുന്നേറ്റം. സുവാരസിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്സയ്ക്കായി ലിയോണൽ മെസിയും ഗ്രീസ്മാനും ഗോൾ നേടി. 77-ാം മിനിട്ടിൽ സാഞ്ചോയുടെ വകയായിരുന്നു ബൊറൂസ്യയുടെ ആശ്വാസ ഗോൾ.

അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. നാപ്പോളിയോട് സമനില വഴങ്ങേണ്ടി വന്നതാണ് ലിവർപൂളിന് തിരിച്ചടിയായത്. സ്‌പാനിഷ് ക്ലബ്ബ് വലൻസിയയോട് സമനിലയിൽ പിരിഞ്ഞ ചെൽസിക്കും നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ കാത്തിരിക്കേണ്ടി വരും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.

അതേസമയം സ്ലാവിയ പ്രാഹയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ഇന്റർമിലാൻ നോക്കൗട്ട് റൗണ്ട് സാധ്യതകൾ സജീവമാക്കി. മാർട്ടിനെസിന്റെ ഇരട്ട ഗോളിന്റേയും കരിയറിലെ 250-ാം ഗോൾ നേടിയ റോമേലു ലുക്കാക്കുവിന്റെ പ്രകടനവുമാണ് ഇന്റ‍ർമിലാന് തുണയായത്.