Asianet News MalayalamAsianet News Malayalam

ആന്‍ഫീല്‍ഡില്‍ ബാഴ്സയോട് കടം വീട്ടാന്‍ ലിവര്‍പൂള്‍ ഇന്നിറങ്ങുന്നു

ആൻഫീൽഡിൽ അവസാന പത്തൊൻപത് കളിയിൽ തോറ്റിട്ടില്ലെന്ന കണക്ക് മാത്രമാണ് ലിവർപൂളിന് ആശ്വാസം.

Barcelona vs Liverpool Champions League preview
Author
Liverpool, First Published May 7, 2019, 10:26 AM IST

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ രണ്ടാംപാദ സെമിഫൈനലിൽ ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. നൗകാംപിൽ വാങ്ങിയ മൂന്നുഗോൾ കടം. ഒപ്പം പരുക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലായുടെയും റോബർട്ടോ ഫിർമിനോയുടെയും അഭാവം. ലിയോണൽ മെസ്സിയുടെ ബാഴ്സലോണയെ ആൻഫീൽഡിൽ നേരിടുമ്പോൾ ആശ്വസിക്കാനൊന്നുമില്ല ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിന്.

പ്രീമിയർ‍ ലീഗിൽ ന്യുകാസിലിന് എതിരായ മത്സരത്തിനിടെയാണ് സലായ്ക്ക് പരുക്കേറ്റത്. ഫിർമിനോയ്ക്ക് ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ സെമിയിലും. ഇരുവർക്കും പകരം ഷെർദാൻ ഷാക്കീരിയും ജോർജിനോ വിനാൾഡവും ടീമിലെത്തും. പ്രതീക്ഷയത്രയും സാദിയോ മാനേയിൽ. ആൻഫീൽഡിൽ അവസാന പത്തൊൻപത് കളിയിൽ തോറ്റിട്ടില്ലെന്ന കണക്ക് മാത്രമാണ് ലിവർപൂളിന് ആശ്വാസം.

ഉസ്മാൻ ഡെംബലേയുടെ പരുക്ക് മാത്രമാണ് ബാഴ്സലോണയുടെ ആശങ്ക. മെസ്സി, സുവാരസ്, കുടീഞ്ഞോ ത്രയം ഫോമിലേക്കുയർന്നാൽ ലിവർപൂൾ പ്രതിരോധത്തിന് വിശ്രമിക്കാൻ നേരമുണ്ടാവില്ല. ലിവർപൂളിന്‍റെ മുൻതാരങ്ങളായ കുടീഞ്ഞോയ്ക്കും സുവാരസിനും ആൻഫീൽഡിലേക്കുള്ള മടക്കയാത്രകൂടിയാണ് രണ്ടാംപാദ സെമി ഫൈനൽ.

ഇരുടീമും ഏറ്റുമുട്ടുന്ന പത്താം മത്സരമാണിത്. ലിവർപൂളിനും ബാഴ്സയ്ക്കും മൂന്ന് ജയംവീതം. മൂന്ന് കളി സമനിലയിൽ അവസാനിച്ചു.

Follow Us:
Download App:
  • android
  • ios